ന്യൂദൽഹി: ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെട്ട വൻതോതിലുള്ള അനധികൃത കുടിയേറ്റ റാക്കറ്റിനെ പിടികൂടി ദൽഹി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും ദൽഹി പോലീസ് അറിയിച്ചു.
ബിലാൽ ഹോസൻ, ഭാര്യ സപ്‌ന എന്നീ രണ്ട് ബംഗ്ലാദേശി പൗരന്മാരെയും രണ്ട് ഇന്ത്യൻ പൗരൻമാരായ അമിനുർ ഇസ്‌ലാം, ആശിഷ് മെഹ്‌റ എന്നിവരെയുമാണ് ദൽഹി പോലീസ് പിടികൂടിയതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ജെയിൻ പറഞ്ഞു.
ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത കുടിയേറ്റത്തിനും രേഖകൾ കെട്ടിച്ചമച്ചതിനും സഹായിച്ചുവെന്നാരോപിച്ചാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വ്യാജ ആധാർ, പാൻ കാർഡുകൾ, ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ, മറ്റ് രേഖകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിന് സഹായകമായി വലിയ ശൃംഖലയാണ് ദൽഹിയിൽ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടനിലക്കാരുടെ നേതൃത്വത്തിൽ കുടിയേറ്റക്കാർ ബംഗ്ലാദേശിലെ ദുർഗാപൂരിനും മേഘാലയയിലെ ബഗ്‌മാരയ്‌ക്കും ഇടയിലുള്ള വനാതിർത്തിയിലൂടെ കാൽനടയായി ഇന്ത്യയിലേക്ക് കടക്കുന്നതായിട്ടാണ് റിപ്പോർട്ട്.
തുടർന്ന് ദൽഹി, കൊൽക്കത്ത തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിലേക്കുള്ള യാത്ര തുടരുന്നതിനായി ഇന്ത്യൻ ഇടനിലക്കാർ അവരെ അസമിലെ കൃഷ്ണായി, ന്യൂ ബോംഗൈഗാവ് റെയിൽവേ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകുമെന്നും കമ്മീഷണർ പറഞ്ഞു. അതേ സമയം ഒരു ആധാർ കാർഡിന് 4,000 മുതൽ 5,000 രൂപ വരെ ഇടനിലക്കാർ ഈടാക്കിയതായി പിടിയിലായവർ സമ്മതിച്ചു.
പിടിയിലായ ബിലാൽ ഹൊസൻ 2022-ൽ മേഘാലയ-അസം അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ഭാര്യയ്‌ക്കൊപ്പം ദൽഹിയിൽ സ്ഥിരതാമസമാക്കിയതായി പോലീസ് പറഞ്ഞു. ഇയാൾ ഗുരുഗ്രാമിൽ കോസ്‌മെറ്റിക് ഷോപ്പും ബ്യൂട്ടി പാർലറും നടത്തിയിരുന്നു. ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി ഇയാൾ വ്യാജ ആധാറും പാൻ കാർഡും സമ്പാദിച്ചെന്നാണ് ആരോപണം. ഇയാളുടെ 23 കാരിയായ ഭാര്യ മുമ്പ് ബംഗ്ലാദേശിലെ ഒരു ഗാർമെൻ്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു.
അതേ സമയം ഡിസംബറിൽ സതേൺ റേഞ്ച് പോലീസ് 12 ബംഗ്ലാദേശി വ്യക്തികളെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. ഡിസംബർ 28 ന് അർജൻഗഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് ബംഗ്ലാദേശി പൗരന്മാരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് വഴി നാടുകടത്തപ്പെട്ടു.
ബംഗ്ലാദേശികൾക്ക് പുറമെ കഴിഞ്ഞ വർഷം അനധികൃതമായ രാജ്യത്ത് കഴിഞ്ഞിരുന്ന 31 ആഫ്രിക്കൻ പൗരന്മാരെ നാടുകടത്തിയതായും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: