തിരുവനന്തപുരം: ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കസവുമുണ്ടും തൂവെള്ള ഷര്‍ട്ടും ധരിച്ച് കസവ് നേരിതും ഇട്ട് തനി കേരളീയ വേഷത്തില്‍. പാന്റും കളര്‍ ഷര്‍ട്ടും ധരിച്ചുമാത്രം കാണാറുള്ള ആര്‍ലേകറെ ആദ്യമായിട്ടാണ് മുണ്ടുടുത്ത് കാണുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ വീട്ടിനകത്ത് മുണ്ടുടുത്ത് നടക്കാറുണ്ട്. പുറത്തിതാദ്യം എന്നായിരുന്നു മറുപടി. ബെല്‍റ്റിന്റെ ആവശ്യമില്ലാതെ മുണ്ടുധരിക്കാനറിയാമെന്നും കേരളത്തിന്റെ കാലാവസ്ഥയ്ക്ക യോജിച്ച വസ്ത്രധാരണമാണിതന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ മുന്‍പ് മൂന്നുതവണ വന്നിട്ടുണ്ട്. മൂന്നാറിലാണ് ആദ്യം വന്നത്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കോഴിക്കോട് ബിജെപി ദേശിയ സമ്മേളനത്തിനെത്തിയതാണ് രണ്ടാം വരവ്. അന്ന് ഗോവയിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.
അടുത്തയിടെ ബീഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ കേരളത്തിലെത്തി. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്്ക്കായിരുന്നു വരവ്.
ഗവരണ്റുടെ വീട് , ഓഫീസ് എന്നതിലുപരി രാജ്ഭവനെ ജനങ്ങള്‍ക്ക് പ്രാപ്യമായ ഉടമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ലേകര്‍ പറഞ്ഞു. ബീഹാര്‍ രാജ് ഭവനില്‍ അതിനായി ശ്രമം നടത്തിയിരുന്നു. രാജ് ഭവനില്‍ വിവിധ മേഖലയിലെ പ്രഭാഷണ പരമ്പര നടത്തുകയും പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഏഴു പ്രഭാഷണങ്ങള്‍ നടത്തി. ഈ മാസം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിവര സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച പ്രഭാഷണം നടത്താമെന്ന് ഏറ്റിരുന്നു. അതിനിടയിലാണ് കേരളത്തിലേയ്ക്കുള്ള മാറ്റം. ഗവര്‍ണര്‍ ആര്‍ലേകര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാലും ചേര്‍ന്നാണ് നിയുക്ത ഗവര്‍ണറെയും ഭാര്യ അനഘ ആര്‍ലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ഗവര്‍ണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്, വി ശിവന്‍കുട്ടി, ജി ആര് അനില്‍, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍, എംപിമാരായ ശശി തരൂര്‍, എ എ റഹിം, എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്, വി കെ പ്രശാന്ത്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, ജസ്റ്റീസ് എന്‍.നഗരേഷ്, അഖിലഭാരതീയ രാഷ്ട്രീയ സായിക ശിക്ഷാ മഹാസംഘ് സഹസംഘടനാ സെക്രട്ടറി എല്‍ ജി ലക്ഷ്മണ തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
നാളെ ആരംഭിക്കുന്ന ‘ഭാരതീയ ശാസ്ത്രവും സംസ്കൃതവും’ അന്താരാഷ്ട സെമിനാര്‍ ആണ് പുതിയ ഗവര്‍ണര്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 9.30 ന് രാജീവ് ഗാന്ധി ബയോടെക്ടോളജി സെന്ററില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: