Kerala

അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെ.എഫ്.സി കോടികൾ നിക്ഷേപിച്ചു; തിരികെ കിട്ടിയത് 7 കോടി 9ലക്ഷം, അഴിമതി ആരോപണവുമായി വി.ഡി സതീശൻ

Published by

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ​ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എഫ്.സി അനിൽ അംബാനിയുടെ പൂട്ടിക്കെട്ടിയ കമ്പനിയായ റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് വി.ഡി സതീശൻ പറഞ്ഞു.

2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതൽ അനിൽ അംബാനിയുടെ ആ‍ർസിഎഫ്എൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്സി നിക്ഷേപം നടത്തിയത്. 2019ൽ ആ‍ർസിഎഫ്എൽ പൂട്ടി. ഇതോടെ കെഎഫ്സിയ്‌ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അനിൽ അംബാനിയുടെ സ്ഥാപനങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലായിരുന്നു ഈ നിക്ഷേപം. ഇദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന വാർത്തകൾ വരുന്ന കാലത്താണ് അനിലിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. കൂടാതെ, 2018-2019ലെ കെഎഫ്സിയുടെ വാ‍ർ‌ഷിക റിപ്പോ‍ർട്ടിൽ റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിന്റെ പേരില്ല. 2019-20ലും ഇവരുടെ പേര് മറച്ചുവെച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു. 2020-21ലാണ് പേര് കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

പണം നിക്ഷേപിക്കുമ്പോൾ കമ്പനിയുടെ സാമ്പത്തിക ഭദ്രത നോക്കണ്ടേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കമ്പനി പൂട്ടാൻ പോകുന്നുവെന്ന് അറിഞ്ഞു കൊണ്ടാണ് ഇത്രയും പണം നിക്ഷേപിച്ചതെന്നും കുറ്റപ്പെടുത്തി. നിയമസഭയിൽ ഈ ചോദ്യം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റേറ്റ് ഫിനാഷ്യൽ കോർപ്പറേഷൻ ആക്ട് 1951-ന്റെ 33-ാം വകുപ്പ് അനുസരിച്ച് റിസർവ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂവെന്നും ഇത് ലംഘിച്ചാണ് നിക്ഷേപമെന്നും സതീശൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by