ഓം സ്ഥാപകായ ച ധര്‍മ്മസ്യ
സര്‍വ ധര്‍മ്മ സ്വരൂപിണേ
അവതാര വരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ
പുതുവര്‍ഷത്തിലെ പ്രഥമദിനം ശ്രീരാമകൃഷ്ണഭക്തരെ സംബന്ധിച്ചിടത്തോളം വര്‍ഷാരംഭം എന്നതിലുപരി ഒരു സുപ്രധാന പുണ്യദിനം കൂടിയാണ്. ശ്രീരാമകൃഷ്ണദേവന് ‘കല്പതരു’വായി ഗൃഹസ്ഥശിഷ്യര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ വര്‍ഷിക്കുകയും അവര്‍ക്ക് അവതാര പുരുഷനായി വെളിപ്പെടുകയും ചെയ്ത മധുരമായ ഓര്‍മ്മ നിലനിറുത്തുന്ന ദിനമാണത്. കല്പതരു ദിനം എന്നാണ് ശ്രീരാമകൃഷ്ണ ശിഷ്യര്‍ക്കിടയില്‍ ഈ ദിവസം അറിയപ്പെടുന്നത്.
1886 ജനുവരി ഒന്ന്. കൊല്‍ക്കത്തയിലെ വിശാലമായ കോസിപ്പൂര്‍ ഉദ്യാനം. പൂക്കളും വൃക്ഷങ്ങളും കൊണ്ട് ഉദ്യാനം ആകെ രമണീയം. വിസ്തൃതമായ ആ ഉദ്യാനത്തില്‍ വിലസുന്ന ഇരുനില ഭവനം. ഭവനത്തിലേക്ക് പോകുന്ന പാതയില്‍ ഇടതുവശത്തായി ഒരു വലിയ മാവ്. നല്ല ശുദ്ധവായു കിട്ടുന്ന ഈ കോസിപ്പൂര്‍ ഉദ്യാന വസതിയിലേക്ക് രോഗഗ്രസ്ഥനായ ശ്രീരാമകൃഷ്ണദേവനെ ശ്യാം പുക്കൂറില്‍ നിന്നും പ്രിയ ശിഷ്യര്‍ കൊണ്ടുവന്നത് 1885 ഡിസംബര്‍ മാസത്തിലാണ്. രോഗം വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ അത്യധികം സങ്കടത്തോടും അതീവശ്രദ്ധയോടും കൂടി ആണ് അന്തരംഗ ശിഷ്യരും ഗൃഹസ്ഥ ശിഷ്യരും ഗുരുദേവനെ ശുശ്രൂഷിച്ചത്.
എന്നാല്‍ 1886 ജനുവരി ഒന്നാം തീയതി അല്പം സുഖം തോന്നിയതിനാല്‍ ശ്രീരാമകൃഷ്ണദേവന് മുറിയില്‍ നിന്ന് ഉദ്യാനത്തിലേക്ക് പതുക്കെ നടന്നു. സമയം വൈകുന്നേരം ഉദ്ദേശം മൂന്നുമണി. മുപ്പതു ഗൃഹസ്ഥ ശിഷ്യര്‍ അവിടെ പല സ്ഥലങ്ങളിലായി ഗുരുദേവന്റെ രോഗത്തെക്കുറിച്ച് വ്യാകുലപ്പെട്ട് നില്ക്കുന്നുണ്ടായിരുന്നു. അവര്‍ ഗുരുദേവനെ കണ്ട് അത്ഭുതസ്തബ്ധരായി. മാവിന് ചുവട്ടില്‍ കുറച്ചു ശിഷ്യരുമായി നിന്നിരുന്ന ഗിരീഷ് ചന്ദ്രഘോഷിന്റെ അടുത്തു ചെന്ന് ”എന്നില്‍ നീ എന്തു കണ്ടിട്ടാണ് അവതാരമാണ് എന്ന് പ്രഖ്യാപിച്ചത്” എന്ന് ശ്രീരാമകൃഷ്ണദവേന്‍ ചോദിച്ചു. ഗിരീഷ് മുട്ടുകുത്തി തൊഴുതുകൊണ്ട് തന്നെപ്പോലെയുള്ള ഒരു നിസ്സാരന് ഋഷികളായ വ്യാസനും വാല്മീകിക്കും പോലും അളക്കാന്‍ കഴിയാത്ത മഹത്വത്തെക്കുറിച്ച് എന്തു പറയാന്‍ കഴിയും എന്ന് വികാരാധീനനായി പറഞ്ഞു.
ഗിരീഷിന്റെ ആര്‍ജ്ജവവും അചഞ്ചലമായ വിശ്വാസവും വാക്കുകളില്‍ വ്യക്തമായിരുന്നു. അതു കേട്ട് ആര്‍ദ്രചിത്തനായ ശ്രീരാമകൃഷ്ണദേവന് ഗിരീഷിനെയും മറ്റുള്ള ശിഷ്യഗണങ്ങളെയും ആത്മപ്രകാശിതരാകട്ടെ എന്ന് അനുഗ്രഹിച്ചു. പിന്നീട് ചെറിയ ഭാവ സമാധിയിലായി. ഗുരുദേവന്റെ ആശീര്‍വചനങ്ങള്‍ കേട്ട ശിഷ്യര്‍ ആനന്ദ പുളകിതരായി. തങ്ങളുടെ സ്പര്‍ശം കൊണ്ട് ഗുരുദേവനെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രതിജ്ഞ എടുത്തിരുന്ന അവര്‍ അപ്പോള്‍ വിസ്മൃതിയില്‍ ആ പാവന പാദങ്ങള്‍ തൊട്ട് നമസ്കരിച്ചു. അവരുടെ ഓരോരുത്തരുടെയും ആഗ്രഹം സഫലീകരിക്കുന്ന ശ്രീരാമകൃഷ്ണദേവന് കല്പതരുവായി നിലകൊണ്ടു. ഓരോ ശിഷ്യനെയും സ്പര്‍ശിച്ച് ആശീര്‍വദിച്ചു.
അദ്ദേഹത്തിന് ശിഷ്യരോടുള്ള സ്നേഹാനുകമ്പ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയായിരുന്നു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ആദ്ധ്യാത്മിക ഉന്നതി സഫലമാക്കുവാന്‍ ആ കാരുണ്യമൂര്‍ത്തി അനുഗ്രഹം വര്‍ഷിച്ചതിലൂടെ ആ അന്തരീക്ഷം പാവനമായി. അവാച്യവും വ്യത്യസ്തവുമായ ആനന്ദാനുഭൂതിയുടെ ഭക്തിലഹരിയില്‍ സമയവും കാലവും ഒക്കെ വിസ്മൃതരായ ശിഷ്യര്‍ ചിരിക്കുകയും കരയുകയും ധ്യാനിക്കുകയും മന്ത്രങ്ങള്‍ ഉരുവിടുകയും പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും മറ്റു ശിഷ്യര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ കിട്ടാന്‍ വേണ്ടി അവരോട് ഓടി വരാന്‍ വിളിച്ചുപറയുകയും ചെയ്തുകൊണ്ടിരുന്നു.
വിവേകാനന്ദ സ്വാമികള്‍ തുടങ്ങി കുറച്ച് അന്തരംഗ ശിഷ്യര്‍ ഭഗവാനെ രാത്രി ശുശ്രൂഷിക്കുകയും അതിനുശേഷം തങ്ങളുടെ ജപധ്യാനാദികള്‍ ചെയ്ത് അപ്പോള്‍ ഗൃഹത്തിന് ഉള്ളിലായിരുന്നു. ഭഗവാന്റെ മുറി വൃത്തിയാക്കിക്കൊണ്ടിരുന്ന ശാരദാനന്ദ സ്വാമികളും അത്ഭുതാനന്ദസ്വാമികളും മുകളില്‍ നിന്ന് ഈ ദിവ്യരംഗത്തിന് സാക്ഷ്യം വഹിച്ചു. ഭഗവാന്റെ കാരുണ്യാതിരേകത്താല്‍ ഉദ്യാനവസതിയുടെ പുറത്തു നിന്നിരുന്ന ഗൃഹസ്ഥശിഷ്യരെല്ലാം വളരെ നേരം ആ ദിവ്യാനുഭൂതിയുടെ നിര്‍വൃതിയിലായിരുന്നു. അന്ന് ഗൃഹസ്ഥശിഷ്യര്‍ക്കുള്ള വിശേഷ ദിവസമായിരുന്നു.
പുരാണങ്ങളില്‍ പറയുന്ന സ്വര്‍ഗ്ഗത്തിലെ കല്പതരുവൃക്ഷം അതിന്റെ ചുവട്ടില്‍ നിന്ന് എന്താഗ്രഹിച്ചാലും, തിന്മയായാലും നന്മയായാലും നല്‍കും എന്നാണ് സങ്കല്പം. എന്നാല്‍ ഭൗതിക കാമനകള്‍ വെടിഞ്ഞ് ശുദ്ധഹൃദയരായി സ്മരിച്ചാല്‍ സംസാരസാഗരം കടത്തി മോക്ഷത്തിലേക്ക് നയിക്കുന്ന കല്പതരുവാണ് ശ്രീരാമകൃഷ്ണദേവന്. ജനുവരി ഒന്നിന് വൈകുന്നേരം മൂന്നു മണിക്ക് ശ്രീരാമകൃഷ്ണ ഭക്തര്‍ ആശ്രമങ്ങളില്‍ ശ്രീരാമകൃഷ്ണദേവനെ സ്മരിച്ചും കീര്‍ത്തനങ്ങള്‍ പാടിയും ‘കല്‍പതരുദിനം’ ആചരിക്കുന്നു. ഇന്നേലെ കോസിപ്പൂരിലെ രാമകൃഷ്ണമഠത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിനായി എത്തിയ ഭക്തരുടെ വമ്പിച്ച തിരക്കായിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും രാമകൃഷ്ണദേവന് ഭക്തര്‍ക്ക് കല്പതരുവായി അനുഗ്രഹം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.
(കേരള സര്‍വ്വകലാശാല അസി. രജിസ്ട്രാര്‍ ആയിരുന്നു ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: