ന്യൂദൽഹി: കഴിഞ്ഞ വർഷം ഡിസംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത റൈസിംഗ് രാജസ്ഥാൻ പദ്ധതിയിൽ ഒപ്പുവെച്ച 35 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ എല്ലാ ആഴ്ച്ചകളിലും അവലോകനം ചെയ്ത് മുന്നോട്ട് പോകാൻ രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. ഇതിനായി ത്രിതല സംവിധാനത്തിന് രൂപം നൽകി രാജസ്ഥാൻ സർക്കാർ.
ഇതനുസരിച്ച് 1000 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങൾ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ നേതൃത്വത്തിലും 100 കോടി മുതൽ 1000 കോടി രൂപ വരെയുള്ള പദ്ധതികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും 100 കോടിയിൽ താഴെയുള്ള ധാരണാപത്രങ്ങൾ വകുപ്പ് സെക്രട്ടറിയുടെ നേത്യത്വത്തിലും എല്ലാ ആഴ്ച്ചയിലും അവലോകനം ചെയ്ത് പുരോഗതി വിലയിരുത്തും.
35 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ധാരണാ പത്രങ്ങളാണ് കഴിഞ്ഞ ഡിസംബർ 8 ന് ഒപ്പുവെച്ചത്. ഇതിൽ 32 ലക്ഷം കോടി വിലമതിക്കുന്ന 261 ധാരണാപത്രങ്ങളും 1000 കോടിയിലധികം രൂപയുടെ പദ്ധതികളാണ്. 1000 കോടിക്കും 100 കോടിക്കും ഇടയിൽ 1678 ധാരണാ പത്രങ്ങളാണ് ഒപ്പു വെച്ചത്. ഇവയുടെ ആകെ മൂല്യം 3.5 ലക്ഷം കോടിയിലധികമാണ്. 100 കോടി വരെയുള്ള 9726 ധാരണാ പത്രങ്ങൾ 90000 കോടി രൂപ മൂല്യമുള്ളവയാണ്.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉച്ചകോടിയിൽ 32 രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ഇതിൽ 17 രാജ്യങ്ങളും പങ്കാളി രാജ്യങ്ങളായാണ് പങ്കെടുത്തത്. 5000 ത്തിലധികം വ്യവസായ – വ്യാപാര പ്രമുഖരും നിക്ഷേപകരും സംഘടനകളും ജയ്പൂർ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്റിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: