ന്യൂദൽഹി: യമുന നദിക്ക് കുറുകെ റോപ്പ് വേ നടപ്പിലാക്കാനുള്ള പദ്ധതിക്കായി സ്ഥലങ്ങൾ നിർണയിക്കാൻ സർവ്വേ നടത്താൻ ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന ദൽഹി ഡവലപ്പ്മെൻ്റ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകാനാണ് ഗവർണറുടെ നിർദ്ദേശം.
പൊതുഗതാഗതം വർദ്ധിപ്പിക്കാനും മലിനീകരണത്തെ ചെറുക്കാനുമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് അറിയിച്ചു. പദ്ധതി പ്രവർത്തനക്ഷമമായാൽ ഏകദേശം 50 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന കേബിൾ കാറുകൾ ദിവസം മുഴുവൽ പ്രവർത്തിക്കും.
മെട്രോ, ദൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്റ്റേഷനുകളിൽ നിന്നും നടന്ന് എത്താൻ കഴിയുന്ന ദൂരത്തിലാണ് റോപ്പ് വേ സൈറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് രാജ് നിവാസ് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. വെള്ളം കയറാത പ്രദേശങ്ങൾക്ക് ആയിരിക്കും മുൻഗണന. ഈ പദ്ധതി വരുന്നതോടെ റോഡുകളിലെയും പാലങ്ങളിലെയും ഗതാഗതം കുറയ്‌ക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: