വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജർക്ക് എച്-1 ബി വിസ നൽകുന്നതിനെതിരെ ചില റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തു വന്നത് ഹിന്ദുക്കൾക്കെതിരായ വിദ്വേഷവും വംശവെറിയുമാണെന്നു യുഎസ് കോൺഗ്രസ് അംഗമായ റെപ്. ശ്രീ തനെദാർ (ഡെമോക്രാറ്റ്-മിഷിഗൺ) തുറന്നടിച്ചു. ഹിന്ദുക്കളോടുള്ള വിദ്വേഷം നിർത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം അദ്ദേഹം കോൺഗ്രസിൽ അവതരിപ്പിച്ചു.
“അമേരിക്കയിൽ ഇപ്പോഴും വംശീയത നിലനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു. “ജനങ്ങൾ അതിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം.”
സാങ്കേതിക രംഗത്ത് അമേരിക്കയുടെ മികവ് നിലനിർത്താൻ എച്-1 ബി വിസ പരിപാടി നിലനിർത്തുകയും നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കയും വേണമെന്നു കർണാടകയിൽ നിന്നു യുഎസിൽ കുടിയേറിയ സംരംഭകൻ പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി അറിയപ്പെടുന്ന
വലതു തീവ്രവാദി ലോറ ലൂമർ ആണ് ഈ വിഷയം വിവാദമാക്കിയത്. ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ ട്രംപ് തന്റെ സീനിയർ എ ഐ അഡ്വൈസറായി നിയമിച്ചപ്പോൾ കൃഷ്ണന്റെ കുടിയേറ്റ നിലപാട് ട്രംപിന്റെ നയവുമായി പൊരുത്തപ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്.
ഓരോ രാജ്യത്തിനും നിജപ്പെടുത്തിയിട്ടുള്ള ഗ്രീൻ കാർഡുകൾ യോഗ്യതയുടെ അടിസ്‌ഥാനത്തിൽ വർധിപ്പിക്കണം എന്ന കൃഷ്ണന്റെ അഭിപ്രായത്തില്‍ കടുത്ത വിയോജിപ്പാണ് പ്രകടമാക്കിയത്.
എന്നാൽ എച്-1 ബി വിസയെ താൻ പിന്താങ്ങുന്നു എന്നാണ് ട്രംപ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഭരണത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ശതകോടീശ്വരൻ എലോൺ മസ്‌കും അതേ നിലപാട് തന്നെ സ്വീകരിച്ചു.
അതേ സമയം, ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ലക്‌ഷ്യം വച്ചുള്ള ഈ ചർച്ചകൾ അസ്വീകാര്യമാണെന്നു തനെദാർ ചൂണ്ടിക്കാട്ടി. “എച്-1 ബി വിസ സംബന്ധിച്ച തർക്കം, നിർഭാഗ്യം കൊണ്ട്, മാഗാ വംശവിദ്വേഷികളും വർഗീയവാദികളും ഏറ്റെടുത്തിരിക്കുന്നു. അതിന്റെ പേരിൽ ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ കണ്ടു. അതു കൊണ്ടാണ് ഞാൻ പ്രമേയം കൊണ്ടുവന്നത്.
സാങ്കേതിക ജോലികളിൽ മികവുള്ളവരെ കൂടുതലായി കൊണ്ടു വരാൻ എച്-1 ബി വിസകൾ അനുവദിക്കണം എന്നു സാങ്കേതിക രംഗത്തെ കമ്പനികൾ ആവശ്യപ്പെടുമ്പോഴാണ് അതിന്റെ മെച്ചം ഇന്ത്യക്കാർക്കു ലഭിക്കരുത് എന്ന നിലപാടിൽ മാഗാ നേതാക്കൾ രംഗത്ത് വന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്തു 2020ൽ ഈ വിസകൾ പരിമിതമാക്കിയിരുന്നു. ആ നിയന്ത്രണത്തിനു കാരണം പറഞ്ഞത് അമേരിക്കക്കാർക്കു പകരം കുറഞ്ഞ വേതനത്തിൽ ലഭിക്കുന്ന വിദേശിയരെ കൊണ്ടുവരുന്നു എന്നാണ്. ഇപ്പോൾ ട്രംപിന്റെ പല അനുയായികളും ആവശ്യപ്പെടുന്നത് എച്-1 ബി വിസകൾ തന്നെ നിർത്തണം എന്നാണ്.
“എച്-1 ബി വിസകൾ കൂട്ടുകയും ഗ്രീൻ കാർഡുകൾ നൽകാനുള്ള താമസം ഒഴിവാക്കുകയും ചെയ്‌താൽ പുത്തൻ ആശയങ്ങളിലും സാങ്കേതിക വളർച്ചയിലും അമേരിക്കയ്‌ക്ക് തുടർന്നും മുന്നിൽ തന്നെ നിൽക്കാം.” തനെദാർ രണ്ടാമതൊരു ട്വീറ്റിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: