ന്യൂദെൽഹി:മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് തങ്ങളെ വേണമെന്നും എന്നാൽ തിരഞ്ഞെടുപ്പുകളിൽ അവർ തങ്ങളുടെ സംഘടനയായ എംഎൻഎസിന് വോട്ട് ചെയ്യില്ലെന്നും രാജ് താക്കറെ. കഴിഞ്ഞ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് താൻ ഇപ്പോഴും വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ പാർട്ടി പ്രവർത്തകർക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ട ദിശാബോധം നൽകുമെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 25 വർഷം കൊണ്ട് മഹാരാഷ്‌ട്രയിൽ വലിയ മാറ്റങ്ങൾ വന്നെങ്കിലും യുവാക്കൾ തൊഴിലില്ലായ്‌മ മൂലം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അത് പോലെ കർഷകരും തൊഴിലാളികളും അവരുടെ മേഖലകളിൽ വലിയ പ്രശ്നങ്ങളെയാണ് നേരിടുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ ഏറെ ബുദ്ധിമുട്ടുകയാണ്. രാജ് താക്കറെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എം എൻ എസ് സംസ്ഥാനത്ത് 125 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും 1.55 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മാഹിം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും മൂന്നാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് ഫലങ്ങളെ അവിശ്വസനീയമെന്നാണ് രാജ് താക്കറെ വിശേഷിപ്പിച്ചത്. 2009 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എംഎൻഎസ് 13 സീറ്റുകൾ നേടിയിരുന്നു. 2014ലും 2019 ലും ഓരോ സീറ്റു വീതമാണ് നേടാനായത്. ഇതോടെ പാർട്ടിക്ക് പ്രാദേശിക പാർട്ടി എന്ന അംഗീകാരവും പാർട്ടി ചിഹ്നമായ റെയിൽവെ എഞ്ചിനും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: