കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍ പൊലീസാണ് ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നും വിഷ്ണുവിനെ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനാണ് വിഷ്ണു.
വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സൂചനകള്‍വെച്ച്് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബെംഗളുരുവില്‍ എത്തിയത്. അതേസമയം, സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ മാസം 17നാണു പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും എലത്തൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘവും വിഷ്ണുവിനായുള്ള അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: