തിരുവനന്തപുരം: മൂന്നാറിലേക്കായി കെഎസ്ആര്‍ടിസി രൂപകല്പന ചെയ്ത റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനവും ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പുറംകാഴ്ചകള്‍ കണ്ടുള്ള യാത്രകള്‍ റോയല്‍ വ്യൂ ബസ് നല്‍കും. കെഎസ്ആര്‍ടിസിയുടെ സ്വപ്ന സംരംഭങ്ങളില്‍ ഒന്നാണിത്. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ടു ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വ്വീസുകളുടെ തുടര്‍ച്ചയായിട്ടാണ് വിനോദസഞ്ചാര മേഖലകളിലേക്ക് റോയല്‍ വ്യൂ ബസ് സര്‍വീസ് നടപ്പിലാക്കുന്നത്.
മുന്നാറിലെ മനോഹരമായ പ്രകൃതിയും, മൂടല്‍മഞ്ഞും മഴയും ആസ്വദിച്ച് റോയല്‍ വ്യൂ ബസില്‍ 25 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സര്‍വീസുകള്‍ വൈകുന്നേരം 6 മണിയോടെ ബസ്സിന്റെ പൂര്‍ണ്ണമായ ലൈറ്റിങ്ങോടുകൂടി മൂന്നാര്‍ ടൗണിലെത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും സുതാര്യമായ ഗ്ലാസ് ബോഡി ബസുകള്‍ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക