2024ല്‍, ഭരണ വിരുദ്ധതയുടെ ആഗോള തരംഗം പ്രമുഖ ജനാധിപത്യ രാജ്യങ്ങളില്‍ ആഞ്ഞടിക്കുകയും, ഭരണാധികാരികള്‍ കനത്ത തോല്‍വികള്‍ നേരിടുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രസിഡണ്ട് സ്ഥാനവും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും നിയന്ത്രണവും നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ (ടോറികള്‍) അന്തിമമായി അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് യുകെ കണ്ടു. ഫ്രാന്‍സ്, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ സ്ഥാനഭ്രഷ്ടരായി. ഈ ആഗോള പ്രവണതയില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരം നിലനിര്‍ത്തുക മാത്രമല്ല, ചരിത്രപരമായ മൂന്നാം തവണയും അത് ആവര്‍ത്തിക്കുകയും ചെയ്തു. 2014, 2019 വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ വ്യക്തമായ വിജയങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ജനത മോദിക്ക് വീണ്ടും ശക്തമായ ജനവിധി നല്‍കിക്കൊണ്ട്, അന്താരാഷ്ട്ര ഭരണ വിരുദ്ധ തരംഗത്തിന് അപവാദമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
2014 മുതല്‍ ഒരു ദശാബ്ദത്തിലേറെയായി അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഇന്ത്യ രാഷ്ട്രീയ സ്ഥിരതയുടെ വിളക്കുമാടമായി നിലകൊള്ളുന്നു. ഇതേ കാലയളവില്‍ മറ്റ് ജനാധിപത്യ രാജ്യങ്ങള്‍ നേരിട്ട രാഷ്ട്രീയ പ്രക്ഷുബ്ധതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുടര്‍ച്ച പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
ദൂരവ്യാപകമായ സാമ്പത്തിക, സാമൂഹിക, വിദേശ നയ പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ട് ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് സംഭാവന നല്കുന്ന സ്ഥിരതയാര്‍ന്ന ഗവണ്മെന്റാണ് മോദിയുടെ ഭരണകാലം അടയാളപ്പെടുത്തിയത്.
ഇതിനു വിപരീതമായി, നാടകീയമായ രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു പരമ്പരയ്ക്ക് തന്നെ അമേരിക്ക സാക്ഷ്യം വഹിച്ചു. 2017 വരെ പ്രസിഡന്റായി തുടര്‍ന്ന ബരാക് ഒബാമ ബാറ്റണ്‍ പിന്നീട് ഡൊണാള്‍ഡ് ട്രംപിന് കൈമാറി. അദ്ദേഹം തികച്ചും വ്യത്യസ്തമായ നയങ്ങളും കൂടുതല്‍ വേറിട്ട നിലപാടുകളും കൊണ്ടുവന്നു. 2021 ല്‍, ജോ ബൈഡന് ട്രംപിന്റെ പല പ്രധാന നയങ്ങളും മാറ്റുകയും, ബഹുമുഖത്വത്തിനും ആഭ്യന്തര നിക്ഷേപത്തിനും ഊന്നല്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആഴത്തിലുള്ള പക്ഷപാതപരമായ ഭിന്നതകളും നയപരമായ അസ്ഥിരതയും പ്രതിഫലിപ്പിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചു വരവ് ഭരണത്തില്‍ മറ്റൊരു വഴിത്തിരിവ് കൊണ്ടുവന്നിരിക്കുന്നു.
2014 മുതല്‍ യുണൈറ്റഡ് കിംഗ്ഡം കാര്യമായ രാഷ്ട്രീയ അസ്ഥിരത നേരിടുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കീഴില്‍, നേതൃത്വം ഇടയ്ക്കിടെ മാറ്റപ്പെട്ടു. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറൂണും തുടര്‍ന്ന് ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട തെരേസ മേയും രാജിവെച്ചു. ബോറിസ് ജോണ്സണ് പിന്നീട് അധികാരം ഏറ്റെടുക്കുകയും കോവിഡ്19 മഹാമാരി സമയത്ത് നേതൃത്വം നല്‍കുകയും ചെയ്തെങ്കിലും ഒടുവില്‍ അഴിമതിയെ തുടര്‍ന്ന് രാജിവച്ചു. ഹ്രസ്വവും പ്രക്ഷുബ്ധവുമായ ലിസ് ട്രസിന്റെ ഭരണകാലത്തെ പിന്തുടര്ന്ന്, ഋഷി സുനക് സമ്പദ്വ്യവസ്ഥയെയും പാര്‍ട്ടിയെയും സുസ്ഥിരമാക്കാന്‍ ശ്രമം നടത്തി. പാര്‍ട്ടിയുടെ ആഭ്യന്തര വിയോജിപ്പുകളും രാഷ്ട്രീയ കലഹങ്ങളില്‍ മടുത്ത വോട്ടര്‍മാരും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയില്‍, അടുത്തിടെ ഭരണമാറ്റം വീണ്ടും അടയാളപ്പെടുത്തിക്കൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി.
ചരിത്രപരമായി, നേതൃരംഗത്ത് അസ്ഥിരമായ രാഷ്ട്രീയ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഓസ്ട്രേലിയയും ദ്രുതഗതിയിലുള്ള ഭരണമാറ്റം കണ്ടു. 2014ല്‍ ടോണി ആബട്ടില്‍ തുടങ്ങി, പ്രധാനമന്ത്രിപദം മാല്‍ക്കം ടേണ്‍ബുള്‍, പിന്നീട് സ്കോട്ട് മോറിസണ്‍, ഇപ്പോള്‍ ആന്റണി അല്‍ബനീസ് എന്നിവര്‍ക്ക് കൈമാറപ്പെട്ടു. ഓരോ മാറ്റവും മുന്‍ഗണനകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തന്റെ മുന്‍ഗാമികളുടെ കൂടുതല്‍ യാഥാസ്ഥിതികമായ സമീപനത്തിന് ശേഷം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക നയങ്ങളിലും അല്‍ബനീസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇറ്റലിയുടെ രാഷ്ട്രീയ രംഗവും സമാനമായ തരത്തില്‍ അസ്ഥിരമാണ്. ഇറ്റലിയില്‍ തുടര്‍ച്ചയായി വരുന്ന ഗവണ്മെന്റുകള് പലപ്പോഴും അവരുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തകരുന്നു. മാറ്റെയോ റെന്‍സിയുടെ പരിഷ്കരണപ്രേരിതമായ ഭരണകാലം പൗലോ ജെന്റിലോണിക്ക് വഴിമാറി, തുടര്‍ന്ന് ഗ്യൂസെപ്പെ കോണ്ടെയുടെ സഖ്യ ഗവണ്മെന്റ്, മരിയോ ഡ്രാഗിയുടെ സാങ്കേതിക നേതൃത്വം, ഇപ്പോള്‍ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനിയും. മെലോനി ചരിത്രപരമായ വിജയം നേടിയിട്ടും ഇറ്റലി രാഷ്ട്രീയ ശിഥിലീകരണവും സാമ്പത്തിക വെല്ലുവിളികളും നേരിടുന്നത് തുടരുകയാണ്.
രാഷ്ട്രീയ അസ്ഥിരതയുടെ പ്രത്യേകമായ ഉദാഹരണമായ പാക്കിസ്ഥാന് അഴിമതിയുടെയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളുടെയും പേരില്‍ അടിക്കടിയുള്ള നേതൃമാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. 2014 മുതല്‍, നവാസ് ഷെരീഫില്‍ നിന്ന് ഷാഹിദ് ഖഖാന്‍ അബ്ബാസിയിലേക്കും ഇമ്രാന് ഖാനിലേക്കും ഇപ്പോള്‍ ഷെഹ്ബാസ് ഷെരീഫിലേക്കും രാജ്യനേതൃത്വം മാറിയിരിക്കുന്നു. ഓരോ നേതാവിന്റെയും ഭരണകാലം അവരുടെ മുന്‍ഗാമികളുമായുള്ള വിരോധങ്ങളും തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും നിയമയുദ്ധങ്ങളിലും ജയില്‍വാസത്തിലും കലാശിക്കുന്നു. അസ്ഥിരമായ ഈ രാഷ്ട്രീയ അന്തരീക്ഷം സ്ഥിരമായ ഭരണവും സാമ്പത്തിക പുരോഗതിയും കൈവരിക്കാനുള്ള പാക്കിസ്ഥാന്റെ ശേഷിക്ക് തടസ്സം സൃഷ്ടിക്കുന്നു.
ഇസ്രായേല്‍ അതിന്റെ കെട്ടുറപ്പില്ലാത്ത സഖ്യ സംവിധാനം കാരണം കാര്യമായ രാഷ്ട്രീയ പ്രക്ഷുബ്ധത നേരിടുന്നു. 2014 ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുന്നത് രാജ്യം കണ്ടു. തുടര്‍ന്ന് നഫ്താലി ബെന്നറ്റ് അധികാരത്തില്‍ വന്നു. അതിനുശേഷം വന്ന യെയര്‍ ലാപിഡിന്റെ കാലാവധി നെതന്യാഹുവിന് പ്രധാനമന്ത്രിയായി മടങ്ങിയെത്താനുള്ള ഹ്രസ്വകാല കാലത്തേയ്ക്കുമാത്രമായി ഒതുങ്ങി.
2014 മുതല്‍, രാജ്യത്തിന്റെ പാര്‍ലമെന്റായ നെസെറ്റിലേക്ക് ഇസ്രായേല്‍ ആറ് ദേശീയ തിരഞ്ഞെടുപ്പുകള്‍ നടത്തി. 2015, ഏപ്രില്‍ 2019, സെപ്റ്റംബര്‍ 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളിലാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്.
ജപ്പാന് താരതമ്യേന രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ടതാണെങ്കിലും സമീപ വര്‍ഷങ്ങളിലെ അതിന്റെ നേതൃ മാറ്റങ്ങള്‍ സംശയം ഉണര്‍ത്തുന്നുണ്ട്. 2020 വരെ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ ആരോഗ്യപരമായ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി രാജിവച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ യോഷിഹിഡെ സുഗ, ഒരു വര്‍ഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിഞ്ഞു. വലിയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 3 വര്‍ഷം മാത്രം പ്രധാനമന്ത്രിയായിരുന്ന ഫ്യൂമിയോ കിഷിദ, ഇപ്പോള്‍ ഷിഗെരു ഇഷിബയുടെ പിന്‍ഗാമിയായി.
ബ്രസീല്‍ 2014 മുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍, അഴിമതി ആരോപണങ്ങള്‍, തെരെഞ്ഞെടുപ്പ് ധ്രുവീകരണം എന്നിവയാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ പ്രക്ഷോഭത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. 2016ല്‍ ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തത് മിഷേല്‍ ടെമറിന്റെ വിവാദ കാലത്തിന് വഴിയൊരുക്കി. തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് ജെയര്‍ ബോള്‍സോനാരോ പിന്നീട് അധികാരത്തിലെത്തി. അടുത്തിടെ, ഒരു ധ്രുവീകരണ തിരഞ്ഞെടുപ്പിലൂടെ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അധികാരത്തില്‍ തിരിച്ചെത്തി.
ദക്ഷിണ കൊറിയയില്‍ വന്‍ അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ 2017 ല്‍ പാര്‍ക്ക് ഗ്യൂന്‍ഹെ ഇംപീച്ച് ചെയ്യപ്പെട്ടു. സാമ്പത്തിക വെല്ലുവിളികളോടും നയതന്ത്ര സമ്മര്‍ദ്ദങ്ങളോടും പോരാടിയ മൂണ്‍ ജെഇന്‍ ആയിരുന്നു അവരുടെ പിന്‍ഗാമി. അടുത്തിടെ പ്രഖ്യാപിച്ച പട്ടാള നിയമം പരാജയപ്പെട്ട് പാര്‍ലമെന്റിന്റെ ഇംപീച്ച്മെന്റ് പ്രക്രിയ നേരിടാനൊരുങ്ങുന്ന യൂന്‍ സുക്യോള്‍ ആണ് നിലവിലെ പ്രസിഡന്റ്.
2014 മുതല്‍ അര്‍ജന്റീനയിലും ശ്രദ്ധേയമായ നേതൃത്വ മാറ്റങ്ങള്‍ കണ്ടു. ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനറില്‍ നിന്ന് മൗറിസിയോ മാക്രിയിലേക്കും തുടര്‍ന്ന് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിലേക്കും ഇപ്പോള്‍ ഹാവിയര്‍ മിലേയിലേക്കും ഭരണം മാറി. ഓരോ നേതാവും അനിശ്ചിതത്വത്തിന്റെയും പതിവ് രാഷ്ട്രീയ പുനഃക്രമീകരണങ്ങളുടെയും അന്തരീക്ഷമൊരുക്കിക്കൊണ്ട് വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക നയങ്ങള്‍ സ്വീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: