തിരുവനന്തപുരം: സനാതന ധർമത്തെ അധിക്ഷേപിക്കാൻ ശിവഗിരി സമ്മേളന വേദി ഉപയോഗിച്ചതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പരിശുദ്ധ ഖുറാനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
ശ്രീനാരായണ ഗുരു സനാതനധർമ്മതിന്റെ ശത്രുവാണെന്നുള്ള കമ്യൂണിസ്റ്റ് പ്രചാരവേല നടത്താനുള്ള വേദിയായി ശിവഗിരിയെ ഉപയോഗിക്കുന്നതിനെ ഹിന്ദു സമൂഹം മുഖവിലയ്‌ക്കെടുക്കില്ല. സനാതനധർമ്മം എന്നാൽ രാജവാഴ്ചയെന്നും വർണാശ്രമ ധർമമെന്നുമൊക്കെയാണ് പിണറായി വിജയൻ പറയുന്നത്. സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് തുടർച്ചയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്താണ് ധർമ്മമെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സംശയത്തിന്റെ ചോദ്യമുയർത്തി പിൻവാങ്ങുന്ന ഒന്നാണെന്നാണ് മഹാഭാരതത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
സനാതനധർമ്മം വെറുക്കപ്പെടേണ്ട ഒന്നാണെന്നാണ് ശിവഗിരിയിൽ മുഖ്യമന്ത്രി പറഞ്ഞത്. സനാതനധർമ്മം എന്ന് പറയുന്നത് ഒരു മതമല്ല. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും രൂപപെട്ടിട്ടുള്ള നിരവധി ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. മനുഷ്യൻ തമ്മിൽ ഭേദമില്ല എന്ന വേദാന്തമാണ് ഗുരുദേവൻ നടത്തിയത്. അത് മുഖ്യമന്ത്രി പഠിക്കണം. ഹൈന്ദവർ പാലിക്കേണ്ട കടമകളാണ് ഹൈന്ദവ ധർമത്തിന്റെ കാതലെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മാത്രമാണ് സനാതന ധർമ്മം എന്നത് തെറ്റിദ്ധാരണയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കാലാനുസൃതമായ മാറ്റങ്ങൾക്ക് തയാറാവുകയും ചിരന്തനമായിട്ടുള്ള മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയുമാണ് സനാതനധർമത്തിന്റെ അടിസ്ഥാനം. ഇത് പിണറായി വിജയൻ മനസിലാക്കണം. ഹിന്ദു സമൂഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടി വന്നത് പിണറായി വിജയന്റെ ഭരണകാലത്താണ്. ഹിന്ദു ആചാരങ്ങളെയും സംസ്കാരങ്ങളെയും ഹിന്ദു സങ്കേതങ്ങളെയും തകർക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: