ചണ്ഡിഗഡ്: അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് ഭാരതത്തില്‍, ഹരിയാനയിലെ കാര്‍ട്ടര്‍പുരി.
ന്യൂദല്‍ഹിക്ക് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള സ്ഥലമാണ് ദൗലത്പൂര്‍ നസിറാബാദ്. നഴ്സായിരുന്ന, ജിമ്മി കാര്‍ട്ടറുടെ അമ്മ ലിലിയന് 1960കളുടെ അവസാനത്തില്‍ പീസ് കോര്‍പ്സിലെ അംഗമായി ആരോഗ്യ വോളന്റിയറായി ഇവിടെ ജോലി ചെയ്തിരുന്നു. ജയില്‍ദാര്‍ സര്‍ഫറാസിന്റെ മാളികയിലായിരുന്നു അവരുടെ താമസം. 1977ല്‍ കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ലിലിയന്റെ മകന്റെ നേട്ടം ഗ്രാമവാസികള്‍ ആഘോഷിച്ചു. അന്ന് ആ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലെ തെരഞ്ഞെടുപ്പിലൂടെ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ കാര്‍ട്ടര്‍ ഭാരതം സന്ദര്‍ശിച്ചു. 1978 ജനുവരി 2, 3 തീയതികളിലായിരുന്നു അത്. മൂന്നാം തീയതി, അമ്മ ജോലി ചെയ്ത സ്ഥലം കാണാന്‍ കാര്‍ട്ടറും ഭാര്യ റോസ്ലിനും ദൗലത്പൂര്‍ നസിറാബാദ് ഗ്രാമത്തിലെത്തി. ഗ്രാമവാസികള്‍ അദ്ദേഹത്തെയും സംഘത്തെയും ഊഷ്മളമായി വരവേറ്റു. അവര്‍ റോസ്ലിന് ഹരിയാന്‍വി വസ്ത്രങ്ങള്‍ നല്കി.
കാര്‍ട്ടര്‍ അവിടെയുള്ളവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്കി. അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ഉപദേശപ്രകാരം ജിമ്മി കാര്‍ട്ടറിന്റെ ബഹുമാനാര്‍ത്ഥം ഈ സ്ഥലത്തിന് കാര്‍ട്ടര്‍പുരി എന്ന് പുനര്‍നാമകരണം ചെയ്തു. അന്നുമുതല്‍ ‘കാര്‍ട്ടര്‍പുരി’യില്‍ ജനുവരി 3 അവധിയായി പ്രഖ്യാപിച്ചു.
കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലമത്രയും വൈറ്റ് ഹൗസും കാര്‍ട്ടര്‍പുരി വില്ലേജ് കൗണ്‍സിലുമായി നിരന്തരം കത്തിടപാടുകള്‍ നടന്നിരുന്നു. ആ വര്‍ഷങ്ങളില്‍ ജനുവരി 3ന് കാര്ട്ടര്പുരിയിലേക്ക് ഭാരതത്തിലെ അമേരിക്കന്‍ സ്ഥാനപതി സമ്മാനങ്ങളുമായി വന്നിരുന്നു. അന്നേദിവസം സ്ത്രീകള്‍ ‘ഹല്‍വ-പുരി’ തയാറാക്കി അമേരിക്കന്‍ സംഘത്തെ കാത്തിരുന്നു.
1978നും 1981നും ഇടയില്‍ ഭാരതം സന്ദര്‍ശിച്ച മിക്ക അമേരിക്കന്‍ വിനോദസഞ്ചാരിയുടെയും യാത്രയുടെ ഭാഗമായിരുന്നു കാര്‍ട്ടര്‍ പുരി. 2002ല്‍ പ്രസിഡന്റ് കാര്‍ട്ടര്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയപ്പോഴും ഇവിടെ ആഘോഷങ്ങള്‍ നടന്നു. കാര്‍ട്ടര്‍ നൂറാം വയസില്‍ ലോകത്തോട് വിട പറയുമ്പോഴും ഹരിയാനയിലെ ഈ ഗ്രാമം അദ്ദേഹത്തിന്റെ ഓര്‍മകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: