തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വാഗതഗാനം പിറന്നത് കോഴിക്കോട് നാദാപുരം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്. ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയില്‍ നിന്നാണ് വരികള്‍ പിറന്നത്. കാവാലം ശ്രീകുമാറിന്റെ സംഗീതത്തില്‍ കലാമണ്ഡലത്തിലെ ചുവടുകള്‍ കൂടി ആയതോടെ സ്വാഗതഗാനത്തില്‍ ദൃശ്യാവിഷ്‌കാരം ഒരുങ്ങി.
കേരളത്തിന്റെ സാംസ്‌കാരികത്തനിമയും നവോത്ഥാനകാലവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 20 വരികളിലാണ് ഗാനം എഴുതിയത്. സംഗീതം കൂടി ചേര്‍ന്നതോടെ ഒമ്പതര മിനിട്ട് ദൈര്‍ഘ്യമായി. സ്‌കൂള്‍ കാലം മുതല്‍ കവിതയില്‍ സജീവമായ ശ്രീനിവാസന്‍ തൂണേരി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കവിതാ രചനയില്‍ നാലുതവണ ഒന്നാമതെത്തിയിട്ടുണ്ട്. മൗനത്തിന്റെ സുവിശേഷം, ഇന്‍ജുറി ടൈം എന്നീ രണ്ട് കവിതാ സമാഹാരങ്ങളും മഴമുറിവുകള്‍ എന്ന ഓഡിയോ കവിതാ സിഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാള്‍ രാജ്ഭവന്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് എക്‌സലന്‍സി കവിതാ പുരസ്‌കാരം, തിരൂര്‍ തുഞ്ചന്‍ ഉത്സവം ദ്രുതകവിതാ പുരസ്‌കാരം, അങ്കണം സാംസ്‌കാരിക വേദി ടി.വി. കൊച്ചുബാവ സ്മാരക കവിതാ അവാര്‍ഡ്, എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്‌കാരം, നല്ലെഴുത്ത് കാവ്യാങ്കണം അവാര്‍ഡ്, സപര്യ രാമായണ കവിതാ പുരസ്‌കാരം, ഉത്തരകേരള കവിതാ സാഹിത്യവേദി അക്കിത്തം സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലത്തില്‍ നിന്നുള്ളവരും സ്‌കൂള്‍ കുട്ടികളുമുള്‍പ്പെടെ 33 പേരാണ് ദൃശ്യാവിഷ്‌കാരത്തിലുള്ള നൃത്തസംഘത്തിലുണ്ടാകുക. തനത് കലാരൂപങ്ങളുള്‍പ്പെടെയാണ് അരങ്ങിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: