ന്യൂദല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിതുല്‍ കുമാര്‍ ചുമതലയേല്‍ക്കും. നിലവിലെ ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിതുല്‍ കുമാറിന് പുതിയ ചുമതല നല്‍കികൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയനുസരിച്ച് സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നത് വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരുന്നതുവരെയോ അദ്ദേഹം ഈ സ്ഥാനം വഹിക്കും. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിതുല്‍ കുമാര്‍ നിലവില്‍ സിആര്‍പിഎഫിന്റെ സ്പെഷല്‍ ഡയറക്ടര്‍ ജനറലാണ്.’
2009 ഫെബ്രുവരി 9ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായി ചുമതലയേറ്റ വിതുല്‍ കുമാറിന് 2012ല്‍ ഇന്‍സ്പെക്ടര്‍ ജനറലായും 2018ല്‍ അഡീ. ഡയറക്ടര്‍ ജനറലായും സ്ഥാനക്കയറ്റം ലഭിച്ചു. 2024 സപ്തംബറിലാണ് സിആര്‍പിഎഫിന്റെ സ്പെഷല്‍ ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്. പോലീസ് സേനയിലെ സേവനങ്ങള്‍ക്ക് 2021ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2009ലെ സ്വാതന്ത്ര്യ ദിനത്തില്‍ പോലീസ് മെഡലും ഡയറക്ടര്‍ ജനറലിന്റെ കമന്‍ഡേഷന്‍ ഡിസ്കും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: