പ്രയാഗ്രാജ്: നാല്പത്തഞ്ചു കോടി തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ വിജയത്തിനായി രാപകല്‍ കര്‍മനിരതരായി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവരുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ കുംഭമേളാ നഗരിയില്‍ത്തന്നെ താത്കാലിക സ്കൂളുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായ് അഞ്ച് വിദ്യാകുംഭ പ്രൈമറി സ്കൂളുകളാണ് തുടങ്ങിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് മഹാകുംഭമേളാ നഗരി ശുചീകരിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി രംഗത്തുള്ളത്. ചെറിയ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ട്. ഈ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് വിദ്യാകുംഭ എന്ന ക്രമീകരണമൊരുക്കിയത്. ശിവ്നാടാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ കൂടുതല്‍ താത്കാലിക വിദ്യാലയങ്ങള്‍ സജ്ജമാക്കും. സ്മാര്‍ട്ട് ക്ലാസുകളും രൂപീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും സ്കൂളില്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാകുംഭ സെക്ടര്‍ 2 പ്രിന്‍സിപ്പല്‍ ദിലീപ് മിശ്ര പറയുന്നു. കുംഭമേള പൂര്‍ത്തിയാകുന്നതുവരെ ഈ കുട്ടികള്‍ ഇവിടെ പഠിക്കും. തുടര്‍ന്ന് അതാത് സ്കൂളുകളിലേക്ക് മടങ്ങും. 150 കുട്ടികളുമായിട്ടാണ് സെക്ടര്‍ 2 സ്കൂള്‍ തുടങ്ങിയത്. ഇപ്പോള്‍ 205 കുട്ടികളുണ്ട്.
കുട്ടികള്‍ക്ക് സ്കൂള്‍ ഡ്രസ്, ബുക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഒരു പ്രധാനാദ്ധ്യാപകനോടൊപ്പം അഞ്ച് അദ്ധ്യാപകരെയും ഓരോ സ്കൂളിലും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: