Cricket

വിജയ് മെര്‍ച്ചന്റ് ട്രോഫി: കേരളത്തിന് തോല്‍വി

Published by

ലഖ്‌നൗ: വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തെ 190 റണ്‍സിന് തോല്പിച്ച് മധ്യപ്രദേശ്. 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 63 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും രണ്ട് ഇന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്റെ ഓള്‍ റൗണ്ട് മികവാണ് മധ്യപ്രദേശിന് വിജയമൊരുക്കിയത്. രണ്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്റെയും കനിഷ്‌ക് ഗൗതമിന്റെയും ഇന്നിങ്‌സുകളാണ് കരുത്തായത്. യഷ് വര്‍ധന്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കനിഷ്‌ക് 59 റണ്‍സെടുത്തു. 141 പന്തില്‍ എട്ട് ഫോറും മൂന്നും സിക്‌സും അടങ്ങുന്നതായിരുന്നു യഷ് വര്‍ധന്റെ ഇന്നിങ്‌സ്. സ്‌കോര്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെന്ന നിലയില്‍ നില്‌ക്കെ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

തുടര്‍ന്ന് 254 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ കേരളത്തിന്റേത് അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ചയായിരുന്നു. 21 റണ്‍സെടുത്ത നെവിന്‍ മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത്. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. 63 റണ്‍സിന് കേരളം ഓള്‍ഔട്ടായി. മധ്യപ്രദേശിന് വേണ്ടി യഷ് വര്‍ധന്‍ സിങ് ചൗഹാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അഞ്‌ജേഷ് പാല്‍ നാലും രാഹുല്‍ ഗാങ്വാര്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by