പെരുമ്പാവൂർ : റൂറൽ ജില്ലയിൽ മൂന്ന് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്രകല്ലിടുമ്പിൽ വീട്ടിൽ ‘ അമൽ (29), വേങ്ങൂർ വെസ്റ്റ് ‘ കണ്ണഞ്ചേരി മുകൾ ഭാഗത്ത് കുറുപ്പംചാലിൽ വീട്ടിൽ ജോജി (27), കൊമ്പനാട് മേയ്‌ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (29) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അമൽ, ജോജി എന്നിവർ കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്.
രണ്ടു പേരും കോടനാട് കുറപ്പംപടി സ്റ്റേഷനുകളിൽ ഈ വർഷം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. അജിത്ത് കുറുപ്പംപടി കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തുടങ്ങി നിരവധി കേസിലെ പ്രതിയാണ്.
ഒക്ടോബറിൽ കോതമംഗലത്ത് കാർണിവൽ സ്റ്റാളിന് സ്ഥലം ലേലം ചെയ്തതുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ രജിസ്റ്റർ ചെയത വധശ്രമക്കേസിൽ അജിത്ത് ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ കേസിലെ മറ്റൊരു പ്രതിയേയും കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
ഇൻസ്പെക്ടർമാരായ വി എം കേഴ്സൺ (കുറുപ്പംപടി) സാം ജോസ് (കോട്ടപ്പടി), ജി.പി മനു രാജ് (കോടനാട് ), എസ്.ഐമാരായ എൽദോ പോൾ, പി.വി ജോർജ്, എ.എസ് ശിവൻ, സീനിയർ സി പി ഒ മാരായ സുനിൽ.കെ ഉസ്മാൻ , പി.ആർ അഭിലാഷ്, സി പി ഒ മാരായ ഇ. എം രാജേഷ്, കെ.എസ് അനീഷ് കുമാർ, സി.എസ് അരുൺ, ശ്രീജിത്ത് രവി, അരുൺ കെ.കരുൺ, സഞ്ജു ജോസ്, കെ.വി ബാലു, കെ.എ നിഷാദ്, എൻ.ജി ജിസ് മോൻ, സെബി ആൻറണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കുറുപ്പംപടിയിൽ നിരന്തര കുറ്റവാളികളും സഹോദരങ്ങളുമായ ലാലു, ലിൻ്റോ എന്നിവരെയും കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2024 ൽ റൂറൽ ജില്ലയിൽ 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 55 പേരെ നാടുകടത്തി. 20 പേരെ ഡിവൈഎസ്പി ഓഫീസുകളിലും, സ്റ്റേഷനുകളിലും ഒപ്പിടുന്നതിനും ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: