കൊൽക്കത്ത : ബംഗ്ലാദേശിലെ സംഘർഷങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റം വർധിച്ചതിനാൽ അതിർത്തികളിൽ പരിശോധനകൾ ശക്തമാക്കിയതായി പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാർ പറഞ്ഞു. നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ പാസ്‌പോർട്ട് സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് പശ്ചിമ ബംഗാൾ പോലീസ് മറ്റ് അന്വേഷണ ഏജൻസികളോട് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ രാജ്യ തലസ്ഥാനത്ത് താമസിക്കുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി സാധുവായ ഇന്ത്യൻ രേഖകളില്ലാതെ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും തടങ്കലിലാക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള ശ്രമങ്ങൾ ദൽഹി പോലീസ് ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിൽ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തി കഴിഞ്ഞ ദിവസം അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു.
ജഹാംഗീർ, ഇയാളുടെ ഭാര്യ പരിണാ ബീഗം, അവരുടെ ആറ് കുട്ടികൾ എന്നിവരെയാണ് ബംഗ്ലാദേശ് പൗരന്മാരായി തിരിച്ചറിഞ്ഞത്. എല്ലാവരും രംഗ്പുരിയിലായിരുന്നു താമസം.
കൂടാതെ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ആറ് ബംഗ്ലാദേശി സ്ത്രീകളെ ത്രിപുരയിലെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ തടഞ്ഞുവെച്ചതായി അധികൃതർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അഗർത്തല ജിആർപിഎസ്, ആർപിഎഫ്, ബിഎസ്എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ നാല് ബംഗ്ലാദേശി പൗരന്മാരും (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) രണ്ട് ഇന്ത്യൻ ഏജൻ്റുമാരും (ഒരു പുരുഷനും ഒരു സ്ത്രീയും) ഉൾപ്പെടെ ആറ് വ്യക്തികളെയാണ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ ട്രെയിനിൽ കയറാൻ തയ്യാറെടുത്തിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ളവർ കൊൽക്കത്തയിലേക്ക് പോകാനുള്ള പദ്ധതിയാണിട്ടിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക