ലക്നൗ : അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച ന്യൂദൽഹിയിൽ എത്തിയ അദ്ദേഹം രാഷ്ട്രപതിയെ കാണുകയും ക്ഷണക്കത്ത് നൽകുകയും ചെയ്തു.
രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ധനമന്ത്രി നിർമല സീതാരാമൻ, ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന എന്നിവരെയും മുഖ്യമന്ത്രി ക്ഷണിച്ചു. സന്ദർശന വേളയിൽ ക്ഷണക്കത്ത്, 2025-ലെ മഹാ കുംഭത്തിന്റെ ചിഹ്നവും ലോഗോയും, മഹാ കുംഭവുമായി ബന്ധപ്പെട്ട സാഹിത്യവും, പുതുവത്സര ടേബിൾ കലണ്ടറും, ഡയറിയും മുഖ്യമന്ത്രി വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു.
ശനിയാഴ്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജഗത് പ്രകാശ് നദ്ദ, മിസോറാം ഗവർണർ ജനറൽ വികെ സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തദവസരത്തിൽ മുഖ്യമന്ത്രി യോഗി എല്ലാ വിശിഷ്ട വ്യക്തികൾക്കും മഹാ കുംഭവുമായി ബന്ധപ്പെട്ട ഉപഹാരങ്ങളും നൽകി.
അതിനിടെ, ഉത്തർപ്രദേശ് ടൂറിസം വകുപ്പ് മഹാ കുംഭ് 2025-ൽ 2,000 ഡ്രോണുകളുടെ സഹായത്തോടെയുള്ള പ്രദർശനത്തിലൂടെ മഹാ കുംഭവും പ്രയാഗ്രാജുമായി ബന്ധപ്പെട്ട പുരാണ കഥകൾ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സന്ദർശകർക്ക് പുതിയതും ആവേശകരവുമായ അനുഭവങ്ങൾ നൽകുന്നതിനായി ഉത്തർപ്രദേശ് ടൂറിസം വകുപ്പ് നടത്തുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: