വണ്ണപ്പുറം(ഇടുക്കി): മുള്ളരിങ്ങാട് മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു പരിഹാരം ഉണ്ടാകുമെന്ന് പലവട്ടം അധികൃതര്‍ നല്കിയ ഉറപ്പെല്ലാം പാഴായപ്പോള്‍ പൊലിഞ്ഞത് ഒരു നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവന്.
നാലു വര്‍ഷത്തോളമായി ഈ മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായിട്ട്. ജനവാസ മേഖലകളില്‍ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് നേരെ ഇതുവരെ കാര്യമായ ഉപദ്രവം ഉണ്ടായിരുന്നില്ല. പൈങ്ങോട്ടൂര്‍- മുള്ളരിങ്ങാട് റൂട്ടില്‍ റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ പലതവണയുണ്ടായിട്ടുണ്ട്.
രാത്രിയായാല്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമായിരുന്നു. എങ്കിലും കാട്ടാനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ ഇവിടെ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്താന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഫെന്‍സിങ് ജോലികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ്.
ആനകള്‍ ജനവാസ മേഖലയിലേക്ക് കടന്നു വരാതിരിക്കാന്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാട്ടാനകളെ തുരത്താന്‍ വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഏപ്രിലില്‍ എംപിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നതല്ലാതെ ഇതിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. ഇതിനിടെ കാട്ടാനകള്‍ വ്യാപകമായ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തു.ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് കാട്ടാനകളെ തുരത്താന്‍ ജനങ്ങള്‍ നേരിട്ടു തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കഴിഞ്ഞ നാളുകളില്‍ തമ്പടിച്ചിരുന്നത്.
വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂര്‍, തേന്‍കോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെയും സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കല്‍, തേന്‍കോട്, ചാത്തമറ്റം,കടവൂര്‍, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉള്‍വനത്തിലേക്ക് തുരുത്തിയത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ഒട്ടേറെ തവണ വനംവകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.
നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ മേഖലയിലുള്ളവര്‍ തലക്കോട് വനംവകുപ്പ് ഓഫീസിന് മുന്നില്‍ ഉപരോധ സമരവും നടത്തിയിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടില്‍ കയറ്റാന്‍ കഴിയാത്ത ജനങ്ങള്‍ രാത്രിയായാല്‍ ഭയം കാരണം വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്ന് ജനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: