India

വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം ഇന്ന് തുറക്കും; തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനം

Published by

കന്യാകുമാരി: വിവേകാനന്ദ പാറയ്‌ക്കും തിരുവള്ളുവർ പ്രതിമയ്‌ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും. 37 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം വൈകിട്ട് 5.30-ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കും. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും ഇന്ന് നടക്കും.

തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തിയത്. കടൽക്ഷോഭത്തെയും ശക്തമായ കടൽക്കാറ്റിനേയും പ്രതിരോധിക്കുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമിച്ച കണ്ണാടിപ്പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. ഉദ്ഘാടനത്തിന് ശേഷം കണ്ണാടിപ്പാലത്തിൽ ലേസർ ഷോയും നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്.

നാളെ രാവിലെ 9ന് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. കണ്ണാടിപ്പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലത്തിന്റെ മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക