തിരുവനന്തപുരം: ഹിന്ദുക്കളുടെ മുഖത്ത് കാണുന്നത് ദൈന്യമല്ല, ആത്മാഭിമാനത്തിന്റെ ഭാവമാണെന്ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ. ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതിയുടെ ദക്ഷിണ മേഖല കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് നേരെ എന്താരോപണം വന്നാലും യഥാവിധി പ്രതിരോധിക്കാനുള്ള കഴിവും അറിവും ഹിന്ദു സമൂഹം നേടിയെടുത്തിട്ടുണ്ട്. പ്രതിയോഗികളുടെ വിഷമം ഹിന്ദു സമൂഹം സംഘടിക്കുന്നു എന്നുള്ളതാണ്. ക്ഷേത്രങ്ങള്‍ ഹിന്ദുവിന്റെ ആശാ കേന്ദ്രങ്ങളാണ്. അവരുടെ ദു:ഖങ്ങളും കഷ്ടങ്ങളും അവതരിപ്പിച്ച് ഭക്തനും ഭഗവാനും തമ്മിലുള്ള അകലം കുറച്ച് ബന്ധം സ്ഥാപിക്കാനുള്ള സ്ഥലമാണ്. ഭക്തിപൂര്‍വ്വമായ ആചാരനുഷ്ഠാനങ്ങളില്കൂടിയുള്ള നിവേദനങ്ങള്‍ ഇഷ്ടദൈവത്തിന് സമര്‍പ്പിക്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍, മോക്ഷ വ്രതാനന്ദ പറഞ്ഞു.
ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷയായി. ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നത് ക്ഷേത്രോത്സവങ്ങളാണ്. ഹിന്ദുക്കള്‍ ഒത്തുകൂടുന്നത് അമ്പലത്തില്‍ ഉത്സവം വരുമ്പോഴാണെന്ന് നമ്മളെക്കാള്‍ നന്നായി മനസ്സിലാക്കിയത് മറ്റുള്ളവരാണ്. ക്ഷേത്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. നമ്മള് പറയുന്നു ക്ഷേത്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി നിലനിര്‍ത്തണമെന്നാണ്, ശശികല ടീച്ചര്‍ പറഞ്ഞു.
മകര സംക്രമ ദിനം മുതല്‍ റിപ്പബഌക് ദിനം വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടത്താനും ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുന്ന മഹാ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തജന കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, കുമ്മനം രാജശേഖരന്, ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, സമുദായ സൗഹൃദവേദി സംസ്ഥാന പ്രസിഡന്റ് ജഗതി രാജന്, കളരിപ്പണിക്കര്‍ ഗണക കണിശസഭ സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്, കേരള ധീവരസഭ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വിരാട് സമസ്ത വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വിഷ്ണുഹരി, ആദിവാസി സഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി സംസ്ഥാന സഹ കണ്‍വീനര്‍ മഞ്ഞപ്പാറ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: