നെല്ലൂര്‍: ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ സ്പെയ്ഡെക്സിന്റെ (സ്പെയ്സ് ഡോക്കിങ് എക്സ്പിരിമെന്റ്) വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് രാത്രി 9.58നാണ് പിഎസ്എല്‍വി സി60 ബഹിരാകാശത്തേക്ക് കുതിക്കുക.
ബഹിരാകാശത്ത് വച്ച് ചെയ്സര്‍ (എസ്ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്നിങ്ങനെയുള്ള രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് സ്പെയ്ഡെക്സ് ദൗത്യത്തിലൂടെ നടക്കുക. ചെയ്സറിനെയും, ടാര്‍ഗറ്റിനെയും പിഎസ്എല്‍വിയില്‍ ഘടിപ്പിച്ചു കഴിഞ്ഞു. രണ്ട് ഉപഗ്രഹങ്ങള്‍ക്കുമായി 220 കിലോഗ്രാം ഭാരമുണ്ട്. ആദ്യഘട്ടത്തില്‍ 20 കിലോമീറ്റര്‍ അകലത്തിലാണ് ഇവ സ്ഥിതി ചെയ്യുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടം ഘട്ടമായി അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് ഇവയെ കൂട്ടിയോജിപ്പിക്കുക. ദൗത്യം പൂര്‍ത്തിയാവാന്‍ 10 ദിവസം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം വിജയിച്ചാല്‍ സ്പെയ്സ് ഡോക്കിങ് സാധ്യമാക്കുന്ന നാലാമത്തെ രാജ്യമാകും ഭാരതം.
ചെയ്സറിനെയും, ടാര്‍ഗറ്റിനെയും ഭ്രമണപഥത്തിലെത്തിക്കുന്നതിന് പുറമെ റോക്കറ്റിന്റെ മുകള്ഭാഗം ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ പ്ലാറ്റ്ഫോം മൊഡ്യൂള്‍ (പോയെം)ആയി ഭൂമിയെ ചുറ്റും. ഇതില്‍ 24 പരീക്ഷണോപകരണങ്ങള്‍ വേറെയുമുണ്ട്. ഐഎസ്ആര്‍ഒയും രാജ്യത്തെ ബഹിരാകാശ ഗവേഷണ വകുപ്പും നിര്‍മിച്ച 14 ഉപകരണങ്ങളും സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിച്ച 10 ഉപകരണങ്ങളുമാണ് അവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: