ജോര്‍ജ് സൊറോസിന്റെ നിര്‍ദ്ദേശപ്രകാരം ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി’ന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ നടന്നത് കശ്മീര്‍ കേന്ദ്രീകരിച്ചായിരുന്നു.
യുഎന്‍ ജനറല്‍ അസംബ്ലി നടക്കുന്നതിനിടെ കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൂസ്റ്റണ്‍ ഉള്‍പ്പെടെ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ റാലികള്‍ 2019ല്‍ സംഘടിപ്പിരുന്നു. സുനിത വിശ്വനാഥ് ആദ്യം സഹകരിച്ചിരുന്ന ‘അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റിയും’ പാകിസ്ഥാനും യുഎസിലെ ജമാഅത്തും അതിന്റെ വിവിധ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്ന സംഭവമായിരുന്നു അത്.
ഹൂസ്റ്റണിലും പരിസരത്തും ഭാരതത്തിനെതിരെ നടന്ന റാലികളിലും പ്രതിഷേധങ്ങളിലും ഒട്ടേറെ സംഘടനകള്‍ ഇപ്രകാരം ഒത്തുചേര്‍ന്നു. പാകിസ്ഥാന്റെ പിന്തുണയുള്ള ഫ്രണ്ട്‌സ് ഓഫ് കാശ്മീരും, സ്റ്റാന്‍ഡ് വിത്ത് കാശ്മീരും, ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക-കൗണ്‍സില്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ്, മുസ്സിം ബ്രദര്‍ഹുഡിന്റെ ഫ്രണ്ട് കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ഭാരത വിരുദ്ധ ലോബിയിങ്ങ് ഗ്രൂപ്പായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി എന്നീ സംഘടനകളായിരുന്നു അവിടെ ഒത്തു ചേര്‍ന്നത്. ഇത് കൂടാതെ വിവിധ പലസ്തീന്‍ സംഘടനകളും സുനിത വിശ്വനാഥിന്റെ ഭര്‍ത്താവ് തലവനായുള്ള ജ്യൂയിഷ് വോയിസ് ഫോര്‍ പീസും പ്രതിഷേധങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിന്
മുന്‍പും ശേഷവും ഭാരതത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു ജാതി. ഈ വ്യവഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച ജമാ അത്ത് പിന്തുണയുള്ള ഒരു കൂട്ടം സംഘടനകളാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇക്വിറ്റി ലാബ്സ് ‘ പ്രസിദ്ധീകരിച്ചൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസില്‍ ഈ വിഷയം ഉയര്‍ന്നുവന്നത്. തേന്‍മൊഴി സൗന്ദരരാജനാണ് ‘ഇക്വിറ്റി ലാബുകളെ’ന്ന സ്ഥാപനത്തിന് അമേരിക്കയില്‍ രൂപം നല്‍കുന്നത്. തുടക്കത്തില്‍ ജാതി വിഷയത്തില്‍ സുനിതയുടെ ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’ ഇടപെട്ടില്ലെങ്കിലും 2022 ആയതോടെ വിഷയത്തില്‍ സംഘടനയുടെ പങ്കാളിത്തം ഇരട്ടിച്ചു. ഇക്കാലഘട്ടത്തില്‍ സുനിത വിശ്വനാഥ് ‘ദളിത് സോളിഡാരിറ്റി ഫോറ’മെന്ന സ്ഥാപനത്തിന്റെ ഉപദേശക സമിതിയിലും ചേര്‍ന്നു. മുന്‍പ് ഭാരതത്തിലെ ജാതി വ്യവസ്ഥയെ ഉപയോഗിച്ചിരുന്നത് ക്രിസ്ത്യന്‍ മിഷനറികളായിരുന്നുവെങ്കില്‍ ഇന്ന് അതിനെ ഉപയോഗിക്കുന്നത് ജമാഅത്തിന്റെ ധനസഹായത്തോടെയും ആശീര്‍വാദത്തോടെയും പ്രവര്‍ത്തിക്കുന്ന ‘എക്വാളിറ്റി ലാബ്സ്’ പോലെയുള്ള സംഘടനകളാണ്. ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭാരതത്തെ ദുര്‍ബലമാക്കാന്‍ ആഖ്യാനങ്ങള്‍ ചമച്ചു പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ജമാ അത്ത് സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരം ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റീജിയസ് ഫ്രീഡം അഥവാ യുഎസ്സിഐആര്‍എഫുമായി ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇടപെടുവാന്‍ തുടങ്ങി. മത സ്വാതന്ത്യത്തിന്റെ പേരില്‍ ഈ സ്ഥാപനത്തെ ഉപയോഗിച്ചു കൊണ്ടു ഭാരതത്തിനു മേല്‍ ബൗദ്ധികാക്രമണം നടത്തുകയെന്നതായിരുന്നു ലക്ഷ്യം. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പാര്‍ലമെന്റ് രൂപം നല്‍കിയ ഫെഡറല്‍ കമ്മീഷനാണ് യുഎസ്സിഐആര്‍എഫ്. ജമാ അത്ത് പോലെയുള്ള സംഘടനകള്‍ രൂപം നല്‍കിയ സ്ഥാപനങ്ങള്‍ 2020 മുതല്‍ കെട്ടിച്ചമച്ചു പുറത്തുവിടുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഓരോ രാജ്യങ്ങളെയും താറടിച്ചു കാണിക്കുന്നത് പോലെ ഭാരതത്തെയും അപമാനിക്കാന്‍ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ്സിഐആര്‍എഫ് അതിന്റെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. ജോര്‍ജ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഭാഗമായ അനുരിമ ഭാര്‍ഗവയായിരുന്നു ഇക്കാലഘട്ടത്തില്‍ യുഎസ്സിഐആര്‍എഫിന്റെ ഡയറക്ടര്‍. മത സ്വാതന്ത്ര്യമില്ലാത്തൊരു രാജ്യമായി ഭാരതത്തെ പ്രഖ്യാപിച്ചു വാര്‍ത്ത പ്രചരിപ്പിക്കുകയും ഭാരത സര്‍ക്കാരിനെ കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്തു.
യുഎസ്സിഐആര്‍എഫ് ഓഫീസുകളുമായി ഇടപഴകാനും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ആദ്യം പദ്ധതിയിട്ടത് ജമാ അത്ത് സംഘടനയായ ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍’ അഥവാ ഐഎഎംസിയുടെ സഹ സ്ഥാപകനായ ഷെയ്‌ക്ക് ഉബൈദായിരുന്നു.
ഐഎഎംസിയുടെയും ജമാ അത്തിന്റെ മറ്റൊരു സ്ഥാപനമായ യുഎസ്-ബന്‍മ ടാസ്‌ക് ഫോഴ്‌സും ഒപ്പം ചേര്‍ന്നു. ഇതിനായി 2013-14 മുതല്‍ അവര്‍ ശ്രമം നടത്തിയിരുന്നു. അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വാധീനിക്കുന്ന സ്ഥാപനമായ ‘ഫിഡെലിസ് ഗവണ്മെന്റ് റിലേഷന്’ ഇതിനായി 58,000 യുഎസ് ഡോളറാണ് ഐഎഎംസി നല്‍കിയത്. സമാന സ്ഥാപനത്തെ ഉപയോഗിച്ചു പാക് ജമാ അത്തിന്റെ ‘ജസ്റ്റിസ് ഫോര്‍ ആള്‍’ എന്ന സംഘടനയും ഭാരതത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ 2018-20 കാലഘട്ടത്തില്‍ 267,000 യുഎസ് ഡോളര്‍ നല്‍കി. ഈ ശ്രമങ്ങളുടെ ഭാഗമായാണ് 2020ല്‍ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഉള്‍പ്പെടുന്നത്.
ഇപ്പോള്‍ സുനിതയുടെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും സമാന നീക്കം ഭാരതത്തിനെതിരെ നടത്തുന്നു. ഇതിന്റെ ഭാഗമായി 2020 മാര്‍ച്ച് 4ന് ഇന്ത്യയിലെയും മ്യാന്മറിലെയും മത സ്വാതന്ത്ര്യം, നിയമം, പൗരത്വം’ എന്ന വിഷയത്തില്‍ യുഎസ്സിഐആര്‍എഫ് വാദം കേള്‍ക്കല്‍ ആരംഭിച്ചു. ജമാ അത്തിന്റെ ‘ജസ്റ്റിസ് ഫോര്‍ ആള്‍ സുനിതയുടെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും കൂടാതെ അമന്‍ വാദൂദ് എന്ന അഭിഭാഷകനും, സെന്റര്‍ ഫോര്‍ ഗ്ലോബല്‍ പോളിസിയിലെ അസീം ഇബ്രാഹിം തുടങ്ങിയവരും ഇതില്‍ പങ്കെടുത്തു. സിഐഎ നിയമത്തെയും എന്‍ആര്‍സിയെയും കേന്ദ്രീകരിച്ചു മാത്രമാണ് അതില്‍ വാദം നടന്നത്. സമാനമായി 2020 ഏപ്രില്‍ 18ന് ഐഎഎംസിയും ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സ്ഥാപനവും സംയുക്തമായി നടത്തിയ വെബിനാറില്‍ യുഎസ്സിഐആര്‍എഫിന്റെ അന്നത്തെ ദക്ഷിണേഷ്യയുടെ ചുമതലയുണ്ടായിരുന്ന ഡോ. ഹാരിനാണ് പങ്കെടുത്തത്. നിരവധി പാകിസ്ഥാന്‍ നയതന്ത്രജ്ഞരുമായും രാഷ്‌ട്രീയക്കാരുമായും ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. തുടര്‍ന്നുള്ള മാസങ്ങളിലും വര്‍ഷങ്ങളിലും തുടര്‍ച്ചയായി വാദങ്ങളും ചര്‍ച്ചകളും നടത്തപ്പെട്ടു. മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ 2022ലും ഭാരതത്തെ ഉള്‍പ്പെടുത്തി. ഇതിനെ തുടര്‍ന്നു സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടു ഭാരതത്തില്‍ വ്യാപകമായ പ്രചാരണങ്ങളാണു നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: