ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് നൂറ് വര്‍ഷമായി. 1948ല്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയതായി 1951ലെ നയപ്രഖ്യാപനം സമ്മതിച്ചു. 1964ല്‍ പാര്‍ട്ടി നെടുകെ പിളര്‍ന്നു. 100 അംഗ നാഷണല്‍ കൗണ്‍സിലില്‍ നിന്നു 34 പേര് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ചു. 1967ല്‍ സിപിഎം പിളര്‍ന്നു മാവോവാദികള്‍ എന്ന പേരില്‍ നക്സലൈറ്റ് പ്രസ്ഥാനം ഉടലെടുത്തു. അവരാണ് ഇന്ന് കാണുന്ന സിപിഐ (എംഎല്). ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭാരതത്തെക്കുറിച്ച് പഠിച്ച് ഉചിതമായ നയപരിപാടികള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല.
1951 മുതല്‍ 1977 വരെ ശരാശരി 30 അംഗങ്ങളുടെ പിന്തുണയോടെ എ. കെ. ഗോപാലന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി. എന്നാല്‍ 1977 മുതല്‍ 2004 വരെ ഇടതുപക്ഷം ശുഷ്കിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ടു. പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. 2004ല്‍ പാര്‍ലമെന്റില്‍ സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതു കക്ഷികള്‍ക്ക് എല്ലാം കൂടി 64 എംപി മാര്‍ ഉണ്ടായിരുന്നു. 2004 മുതല്‍ 2009 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുക എന്ന തെറ്റായ നയംമൂലം ഇടതുപക്ഷം വീണ്ടും ശുഷ്കിച്ചു. 2011 മുതല്‍ പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ ഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ ഇപ്പോള്‍ ഒരു എംഎല്‍എ പോലും സിപിഎമ്മിന് ഇല്ല. ത്രിപുരയില്‍ തുടര്‍ച്ചയായി ബിജെപി ഭരിക്കുന്നു. 2014 മുതല്‍ വീണ്ടും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന തെറ്റായനയം ഇടതു പക്ഷങ്ങള്‍ സ്വീകരിച്ചു.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദാരിദ്രനിര്‍മ്മാര്‍ജനവും ജാതി നിര്‍മാര്‍ജനവും അടിയന്തരമായി നടപ്പാക്കി. അഴിമതിയും തീവ്രവാദവും ആണ് വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്ന് കണ്ടെത്തി. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ആദായ നികുതി വകുപ്പും, ഇ.ഡി യും നിയമനടപടികള്‍ സ്വീകരിച്ച് അഴിമതിക്കാരെ ജയിലിലടച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി. തീവ്രവാദത്തിനെതിരെ എന്‍ഐഎ നിയമം ഭേദഗതി ചെയ്തു. തീവ്രവാദി സംഘടനകളെ നിരോധിച്ചു. അവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. ദാരിദ്ര്യ നിര്‍മ്മാജനത്തിനായി 80 കോടി ജനങ്ങള്‍ക്ക് മാസംതോറും 5 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്കുന്നു. 5 സെന്റ് മുതല്‍ 5 ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപ നല്കുന്നു. കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള താങ്ങുവില നിശ്ചയിച്ചു. വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. കാര്ഷികോല്പന്നങ്ങള് സംസ്കരിച്ചു മൂല്യ വര്‍ദ്ധിതമാക്കി വിപണനം ചെയ്യാന്‍ കൃഷിക്കാര്‍ക്കും സംഘങ്ങള്‍ക്കും സഹായം നല്കി. കൃഷിക്കാരുടെ വരുമാനം കഴിഞ്ഞ 11 വര്‍ഷമായി മൂന്ന് മടങ്ങായി വര്‍ദ്ധിച്ചു. സൗജന്യവും സാര്‍വ്വത്രികവുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കാന്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കി .ഐടിഐ .ഡിപ്ലോമ, ഡിഗ്രി യോഗ്യതകള്‍ നേടി പുറത്തിറങ്ങുന്ന അഭ്യസ്ത വിദ്യരുടെ എണ്ണം പ്രതിവര്‍ഷം 120 ലക്ഷമായി വര്‍ദ്ധിച്ചു.
കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് 15,000 അന്തര്‍സംസ്ഥാന, വിവിധോദ്ധ്യേശ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. കൃഷിക്കാര്‍, ക്ഷീര കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍ എന്നിവര്‍ക്കായി സഹകരണ സംഘങ്ങളും പ്രൊഡ്യൂസര്‍ കമ്പനികളും സ്ഥാപിച്ചു. അവയ്ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്കി. നാലര കോടി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്കി. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനചിലവിന് ഉദാര വായ്പകള്‍ നല്കി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ 2004 -14 കാലത്ത് ചെലവഴിച്ചതിന്റെ നാലിരട്ടി തുക കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ചിലവഴിച്ചു. പെണ്‍കുട്ടികളുടെ പഠനത്തിനു പ്രത്യേകം ധനസഹായം നല്കി. തൊഴില്‍ പരിശീലനത്തിനും വൈദധ്ഗത്തിനും അഭ്യസ്തവിദ്യര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ സ്റ്റൈഫന്‍ഡ് നല്കുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തി ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു.
സ്ത്രീശാക്തീകരണത്തിനു പദ്ധതികള്‍ നടപ്പാക്കി. വൈദ്യസഹായത്തിനായി 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 70 കഴിഞ്ഞ എല്ലാ പൗരന്മാര്ക്കും വരുമാനം നോക്കാതെ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കി. കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭിക്കാന്‍ ജന്‍ ഔഷധി വിതരണ ശൃംഖല 20000 ആക്കി ഉയര്‍ത്തി.
2014 ലോക സമ്പദ്ഘടനയില്‍ പത്താം സ്ഥാനത്ത് ആയിരുന്ന ഭാരതം അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. 5 വര്‍ഷത്തിനകം മൂന്നാം സ്ഥാനത്ത് എത്തിയേക്കും. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വന്നു. 2024 തിരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരിയുടെ ഉല്‍സാഹത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യ മുന്നണിയുണ്ടാക്കി സോണിയയേയും രാഹുലിനെയും പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സിപിഎം. 2004ല്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് രാഷ്ട്രപതിക്ക് കത്ത് നല്കിയിരുന്നല്ലോ. ഇപ്പോള്‍ സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. 2014 മുതല്‍ വര്‍ഗീയ ഫാസിസ്റ്റ് എന്ന് ബിജെപിയെ വിളിച്ചിരുന്ന സിപിഎം, ജനരോഷം ഭയന്ന് ആ വിളി ഒഴിവാക്കി. ഇപ്പോള്‍ ബിജെപിയെ വര്‍ഗീയ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് ഫോര്‍വേഡ് ബ്ലോക്കിന്റെ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ നേതാക്കളും മാത്രമാണ്.
സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് ‘ഹിന്ദുത്വ’ എന്നതിനെ എതിര്‍ക്കുന്നു എന്നാണ്. ഇവിടെയാണ് സിപിഎമ്മിന് വീണ്ടും തെറ്റുപറ്റിയിരിക്കുന്നത്. ‘ഹിന്ദുത്വ’ എന്താണെന്ന് പഠിക്കാതെയാണ് അവര്‍ കരട് പ്രമേയം തയ്യാറാക്കിയത്. ‘ഹിന്ദുത്വ’ എന്നാല്‍ ഹിന്ദു സംസ്കാരം തന്നെ. അതു ഭാരതത്തിന്റെ പൗരാണിക സംസ്കാരമാണ്. ലോകത്ത് ആദ്യമായി ഉണ്ടായതു ഹിന്ദു സംസ്കാരമാണെന്ന് ചരിത്ര ഗവേഷകന്മാര് വിലയിരുത്തുന്നു. ഹിന്ദു സംസ്കാരം ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ് അഥവാ ധര്‍മം തന്നെയാണ്. ധര്‍മ്മം സനാതനമാണ്. ധര്‍മ്മം എന്നത് സാമൂഹ്യനീതിയും തുല്യനീതിയും ആണ്. ഏക മാനവികതയാണ്. ആധുനിക വൈദ്യശാസ്ത്രം മനുഷ്യ ശരീരത്തില്‍ മനസ്സ്, ബോധം, ആത്മാവ് എന്നിവയുടെ സാന്നിധ്യം അംഗീകരിക്കുന്നു. അതിനാല്‍ ഏക മാനവികത ഏകാത്മികത- മാനവികത തന്നെയാണ്. അവിടെ മതസ്പര്‍ധകളില്ല ,ജാതി വിവേചനമില്ല വംശീയ കലാപമില്ല. തത്ത്വമസി എന്ന അദൈ്വത വേദാന്ത സിദ്ധാന്തമാണത്.
ഇനിയും സിപിഎം ബിജെപിക്കെതിരെ ‘ഹിന്ദുത്വ’ പറഞ്ഞു നടന്നാല്‍ ഇടതുപക്ഷത്തിന്
ഇപ്പോള്‍ പാര്‍ലമെന്റില്‍ ഉള്ള 9 സീറ്റുകളും നഷ്ടപ്പെടും. ഇതില്‍ കേരളത്തിലെ ആലത്തൂര്‍ ഒഴികെ 8 സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും പിന്തുണയോടെയാണ്. ബിജെപിക്ക് മുന്‍പെ ഏക സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടത് സിപിഎം തന്നെയാണ്. ഇ.എം.എസും ജ്യോതി ബസുവും പലപ്പോഴും ബിജെപിയുടെ പ്രധാന മന്ത്രിയായിരുന്ന വാജ്പേയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കിയിട്ടുണ്ട്. ഇനിയും സിപിഎം തെറ്റുതിരുത്തി മോദി സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ സിപിഎമ്മിന്റെ പൂര്‍ണ്ണ തകര്‍ച്ച സുനിശ്ചിതമാണ്. സിപിഎമ്മിന്റെ അടിസ്ഥാന സിദ്ധാന്തം വൈരുദ്ധ്യാത്മികവും ചരിത്രപരവുമായ ഭൗതികവാദം എന്നത് കലഹരണപ്പെട്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: