Football

സന്തോഷ് ട്രോഫി ; കേരളം ഫൈനലില്‍, കലാശപ്പോരില്‍ ബംഗാളിനെ നേരിടും

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത് 16ാം തവണയാണ്

Published by

ഹൈദരാബാദ്:സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.മുഹമ്മദ് റോഷല്‍ ഹാട്രിക് നേടി. നസീബ് റഹ്മാന്‍, മുഹമ്മദ് അജ്‌സല്‍ എന്നിവരാണ് കേരളത്തിന്റ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം.

ഗച്ചിബൗളിയിലെ ജിഎന്‍സി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കേരളം ലീഡ് നേടി. 22ാം മിനിട്ടില്‍ നസീബ് റഹ്മാന്‍ കേരളത്തിന്റെ ആദ്യ ഗോള്‍ നേടി. എന്നാല്‍, ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മണിപ്പൂര്‍ ഗോള്‍ തിരിച്ചടി ച്ചു. 29ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടി കിക്ക് മണിപ്പൂര്‍ വലയിലാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്‌സല്‍ കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു. മത്സരത്തിന്റെ 73ാം മിനിട്ടില്‍ മണിപ്പൂരിന്റെ പ്രതിരോധനിര താരത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത മുഹമ്മദ് റോഷല്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി. തുടര്‍ന്ന് 88ാം മിനിട്ടിലും അവസാന നിമിഷവും വീണ്ടും കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു.

-->

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത് 16ാം തവണയാണ്. ഏഴ് തവണ കിരീടത്തില്‍ മുത്തമിട്ട കേരളം എട്ട് തവണയാണ് റണ്ണറപ്പായത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യന്‍മാരായത്.

ഉച്ചയ്‌ക്ക് നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെചാമ്പ്യന്‍മാരായ സര്‍വീസസിനെ വീഴ്‌ത്തി ബംഗാള്‍ ഫൈനലില്‍ കടന്നു. സര്‍വീസസിനെ 4-2ന് തകര്‍ത്താണ് ബംഗാള്‍ ഫൈനല്‍ ഉറപ്പിച്ചത്. ഡിസംബര്‍ 31ന് ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക