വാരണാസി : ഉത്തർപ്രദേശിലെ പ്രശസ്ത സാഹിത്യകാരൻ ശ്രീനാഥ് ഖണ്ഡേൽവാൾ അന്തരിച്ചു . വാരണാസിയിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യനാളുകൾ ചിലവഴിച്ചത്. ജീവിതയാഥാർത്ഥ്യങ്ങളെ തൂലികത്തുമ്പിൽ ആവാഹിച്ച സാഹിത്യകാരന്റെ ജീവിതവും കഥയേക്കാൾ വേദന നിറഞ്ഞതായിരുന്നു.
400-ലധികം പുസ്തകങ്ങൾ രചിക്കുകയും 80 കോടി രൂപയുടെ സ്വത്തിനുടമയുമായ ഖണ്ഡേൽവാളിനെ മക്കൾ ഉപേക്ഷിച്ച നിലയിലാണ് വൃദ്ധസദനത്തിൽ എത്തിച്ചത്. തന്റെ രചനകൾ കൊണ്ട് ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയ വ്യക്തമാക്കിയാണ് ശ്രീനാഥ് ഖണ്ഡേൽവാൾ.
ശിവപുരാണം, മത്സ്യപുരാണം തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു.അദ്ദേഹം രചിച്ച 3000 പേജുള്ള മത്സ്യപുരാണം ഇന്നും പ്രചാരത്തിലുണ്ട്. അദ്ദേഹം മതഗ്രന്ഥങ്ങളിൽ മാത്രമല്ല, ആധുനിക സാഹിത്യത്തിലും ചരിത്രത്തിലും നിരവധി പുസ്തകങ്ങൾ രചിച്ചു. ഹിന്ദി, സംസ്‌കൃതം, അസമീസ്, ബംഗാളി തുടങ്ങിയ ഭാഷകളിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലഭ്യമാണ്.
ജീവിതത്തിന്റെ അവസാന നാളുകളിൽ നരസിംഹപുരാണം വിവർത്തനം ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും അവസാനത്തെ ആഗ്രഹം നടക്കാതെ പോയി., 2024 മാർച്ച് 17 നാണ് മകനും മകളും അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കിയത്.
അതിനുശേഷം അദ്ദേഹം കാശി ലെപ്രസി സേവാ സംഘിന്റെ വൃദ്ധസദനത്തിലാണ് താമസിച്ചത്. മകൻ ബിസിനസുകാരനും മകൾ സുപ്രീം കോടതിയിൽ അഭിഭാഷകയുമാണ്. ശനിയാഴ്ച രാവിലെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ നിന്ന് മക്കളെ വിവരമറിയിച്ചിരുന്നു. എന്നാൽ ഇരുവരും എത്തിയില്ല . ഒടുവിൽ മനുഷ്യഹൃദയങ്ങളുടെ നൊമ്പരങ്ങൾ കഥയായി പറഞ്ഞു തന്ന കഥാകാരന് കാശിയിൽ അനാഥമായ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: