പലവിധത്തിലും ദോഷം ചെയ്യുന്ന ദുര്യോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് കാളസര്‍പ്പയോഗം. സപ്തഗ്രഹങ്ങള്‍(ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി) രാഹുവിനും കേതുവിനും ഇടയില്‍ ആയി വരുന്നതാണ് കാളസര്‍പ്പയോഗം എന്നു സാമാന്യമായി പറയാം.
”അഗ്രേ രാഹുരധോ കേതുഃ
സര്‍വ്വ മദ്ധ്യഗതാഃ ഗ്രഹാഃ
യോഗേയം കാളസര്‍പ്പാഖ്യം
ലോകേ ബഹു വിനാശ കൃത്”എന്നാണ് പ്രമാണം.
സപ്തഗ്രഹങ്ങളും സാധാരണ ഗതിയില്‍ മുന്നോട്ടു സഞ്ചരിക്കുമ്പോള്‍ രാഹുവും കേതുവും പിന്നോട്ടാണ് സഞ്ചരിക്കുന്നത്. രാഹുകേതുക്കള്‍ തമ്മില്‍ എപ്പോഴും 180 ഡിഗ്രി അകലവും ഉണ്ടാവും. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രിക്കുളളിലായാണ് സപ്തഗ്രഹങ്ങള്‍ ഉള്ളതെങ്കില്‍ ‘കാളസര്‍പ്പയോഗം’ സംഭവിക്കും.
രാശിചക്രത്തില്‍ 12 രാശികളാണല്ലോ ഉള്ളത്. ഇവ പന്ത്രണ്ടു ഭാവങ്ങളെ പ്രതിനിധാനം ചെയ്യും. അങ്ങനെ കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ടാകും. ഈ 12 ഭാവങ്ങളിലായി വരുന്ന യോഗങ്ങള്‍ക്കും പ്രത്യേക പേരുകളുമുണ്ട്. 12 യോഗങ്ങളുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. അവയുടെ പേരും വിശദാംശങ്ങളും ചുവടെ:
അനന്ത കാളസര്‍പ്പയോഗം
ലഗ്‌നത്തില്‍ (ഒന്നാം ഭാവത്തില്‍) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രംസപ്ത ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ അനന്ത കാളസര്‍പ്പയോഗം ആയി. ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹതടസ്സം, വിവാഹം നടന്നാലും ദാമ്പത്യസുഖം കുറഞ്ഞിരിക്കുക തുടങ്ങിയവയാണ് ഫലങ്ങള്‍. അതേ സമയം ആത്മീയജ്ഞാന സിദ്ധിക്കും ഈ മേഖലയില്‍ ഉന്നതിയിലെത്തുവാനും യോഗം സഹായകമാണ്.
ഗുളിക
ലഗ്‌നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി സപ്്ത ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഗുളിക കാളസര്‍പ്പയോഗം ആയി. ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, പൂര്‍വ്വിക സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഗുളിക കാളസര്‍പ്പയോഗത്തിന്റെ ഫലങ്ങള്‍.
വാസുകി
മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുമ്പോള്‍ അതിനുള്ളിലായി സപ്തഗ്രഹങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ വാസുകി കാളസര്‍പ്പയോഗം ഉണ്ടാകുന്നു. ഔദ്യോഗിക മേഖലയില്‍ പരാജയം, സഹോദരങ്ങളെ കൊണ്ട് ദുഃഖം, ജാതകനെക്കൊണ്ട് സഹോദരങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ ഇവയൊക്കെയാണ് ഫലം. അപവാദം പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
ശംഖപാല
നാലില്‍ രാഹുവും പത്തില്‍ കേതുവും ഇതിനുള്ളില്‍ സപ്ത ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ശംഖപാല കാളസര്‍പ്പയോഗം ആകും. എപ്പോഴും ഉത്കണ്ഠ ഇവരുടെ മുഖമുദ്ര ആവും. ഔദ്യോഗിക രംഗം പലവിധ പ്രയാസങ്ങളും നിറഞ്ഞതായിരിക്കും. കുടുംബദുരിതവും ഉണ്ടാകും. എന്നാല്‍ ഈ യോഗമുളളവര്‍ക്ക് രാഷ്‌ട്രീയത്തിലും ഒളിപ്പോരിലും ശ്രോഭിക്കാന്‍ കഴിയും.
പത്മ
ലഗ്‌ന രാശിയുടെ അഞ്ചാം ഭാവത്തില്‍ രാഹുവും പതിനൊന്നില്‍ കേതുവും നില്‍ക്കുമ്പോള്‍ ഇവയ്‌ക്ക് ഇടയിലായി സപ്തഗ്രഹങ്ങളും വന്നാല്‍ പത്മ കാളസര്‍പ്പയോഗം ഭവിക്കും. സന്താന ജനനത്തിനു തടസ്സം, സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഃഖം അനുഭവിക്കേണ്ടി വരിക, ജീവിതത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ പെരുമാറുക, വിശ്വാസ വഞ്ചനയ്‌ക്ക് വിധേയരാവുക എന്നിവയൊക്കയാണ് പത്മ കാളസര്‍പ്പയോഗത്തിന്റെ ഫലങ്ങള്‍.
മഹാപത്മ
രാഹു ആറിലും കേതു പന്ത്രണ്ടിലും നില്‍ക്കേ മറ്റു ഗ്രഹങ്ങള്‍ ഇതിനുള്ളിലായി വന്നാല്‍ മഹാപത്മ കാളസര്‍പ്പയോഗം ഉണ്ടാകുന്നു. ജീവിതകാലം മുഴുവന്‍ ശത്രുശല്യം അനുഭവിക്കേണ്ടി വരും എന്നതാണ് യോഗ ഫലം. രോഗപീഡകളും ബുദ്ധിമുട്ടിക്കും. എന്നാല്‍ കൂടവൃത്തികളില്‍ ഈ യോഗമുള്ളവര്‍ അദ്വിതീയരായിരിക്കും.
തക്ഷക
ലഗ്‌നത്തില്‍ കേതുവും ലഗ്‌നാല്‍ ഏഴില്‍ രാഹുവും നില്‍ക്കുമ്പോള്‍ സപ്തഗ്രഹങ്ങള്‍ അതിനുള്ളിലായി വന്നാല്‍ തക്ഷക കാളസര്‍പ്പയോഗം ആയി. ആസക്തികള്‍ നിയന്ത്രിക്കാനാവാതെ അതിന് അടിപ്പെട്ടു പോകുന്നവരാണ് ഈ യോഗമുള്ളവര്‍. സപ്തവ്യസനങ്ങളില്‍ പെട്ട നായാട്ട്, ചൂതാട്ടം, മദ്യം, മദിര എന്നിവയ്‌ക്കൊക്കെ തക്ഷക കാളസര്‍പ്പയോഗം ഉള്ളവര്‍ അടിമയായിപ്പോകും. അതിനാല്‍ സ്വാര്‍ജ്ജിത ധനവും പൂര്‍വ്വിക സ്വത്തുക്കളും നശിച്ചു പോകും.
കാര്‍ക്കോടക
ലഗ്നത്തിന്റെ രണ്ടില്‍ കേതുവും എട്ടില്‍ രാഹുവും നില്‍ക്കുമ്പോള്‍ സപ്തഗ്രഹങ്ങള്‍ ഇതിനുള്ളിലായി നിന്നാല്‍ അതു കാര്‍ക്കോടക കാളസര്‍പ്പയോഗം ആകും. ശത്രുക്കള്‍ ഏറിയിരിക്കുക, സാമൂഹ്യവിരുദ്ധ കൂട്ടുകെട്ടുകളില്‍ ചെന്നു പെടുക, പാരമ്പര്യ സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിക്കളയുക എന്നിവയൊക്കെയാണ് കാര്‍ക്കോടക കാളസര്‍പ്പയോഗത്തിന്റെ
ഫലങ്ങള്‍.
ശംഖചൂഡ
ലഗ്‌നത്തിന്റെ മൂന്നില്‍ കേതുവും ഒന്‍പതില്‍ രാഹുവും നില്‍ക്കുമ്പോള്‍ സപ്തഗ്രഹങ്ങള്‍ ഇതിനുള്ളിലായി നിന്നാല്‍ അത് ശംഖചൂഡ കാളസര്‍പ്പയോഗം ആകും. ഈ യോഗമുള്ള ജാതകര്‍ അസത്യവാദികള്‍ ആയിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ മാറിമാറി അനുഭവിക്കേണ്ടി വരും. ് വികാരവിക്ഷോഭങ്ങള്‍ക്ക് പെട്ടന്ന് അടിപ്പെട്ടു പോവുന്നതും ശംഖചൂഡ കാളസര്‍പ്പയോഗത്തിന്റെ ഫലമാണ്.
ഘാതക
കേതു നാലിലും രാഹു പത്തിലും നില്‍ക്കുകയും ഇതിനുള്ളിലായി സപ്തഗ്രങ്ങള്‍ വരികയും ചെയ്താല്‍ ഘാതക കാളസര്‍പ്പയോഗം ഭവിക്കുന്നു. നിയമവ്യവഹാരങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വരിക, സര്‍ക്കാരില്‍ നിന്നോ അധികാരസ്ഥാനങ്ങളില്‍ നിന്നോ ശിക്ഷാ നടപടികള്‍ക്കു വിധേയമാവുക എന്നിവയാണ് ഘാതക കാളസര്‍പ്പയോഗത്തിന്റെ സാമാന്യ ഫലം. എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്‌ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. ഇങ്ങനെ ദോഷഫളങ്ങള്‍ ഉണ്ടെങ്കിലും അനുകൂല ദശാകാലങ്ങളില്‍ അധികാര പദവികളിലേക്ക് ഉയര്‍ത്തപ്പെടാമെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്.
വിഷധര
ലഗ്‌നാല്‍ അഞ്ചാം ഭാവത്തില്‍ കേതുവും രാഹു പതിനൊന്നലും നില്‍ക്കേ സപ്തഗ്രഹങ്ങള്‍ അതിനിടയിലായി വന്നാല്‍ അതു വിഷധര കാളസര്‍പ്പയോഗം ആകും.
ജീവിതത്തില്‍ സ്ഥിരതയില്ലായ്മ, വീടുവിട്ടു തുടര്‍ച്ചയായ സഞ്ചാരം, സന്താനങ്ങളില്‍ നിന്നും സന്തോഷകരമല്ലാത്ത അനുഭവങ്ങള്‍ എന്നിവയൊക്കെ വിഷധര കാളസര്‍പ്പയോഗത്തിന്റെ ഫലങ്ങളാണ്. എന്നാല്‍ ജീവിതാന്ത്യത്തില്‍ ഇവര്‍ക്കു സമാധാനവും സ്വസ്ഥതയും ഉണ്ടാകും.
ശേഷനാഗ
ലഗ്‌നാല്‍ ആറാം ഭാവത്തില്‍ കേതുവും പന്ത്രണ്ടില്‍ രാഹുവും നില്‍ക്കേ സപ്തഗ്രഹങ്ങള്‍ അതിനിടയിലായി വന്നാല്‍ അതു ശേഷനാഗ കാളസര്‍പ്പയോഗം ആകും. ശത്രുശല്യം വര്‍ധിക്കുക, കോടതി നടപടികള്‍ നേരിടേണ്ടി വരിക, ആരോഗ്യം മോശമാകുക തുടങ്ങിയവയാണ് ശേഷനാഗ കാളസര്‍പ്പയോഗത്തിന്റെ സാമാന്യ ഫലങ്ങള്‍.
ഇവയില്‍ ഏതു കാളസര്‍പ്പയോഗം ആയാലും അത് ആയുസ്സിനെ ഹനിക്കുന്നതല്ല. അതായത് ഇവര്‍ മധ്യായുസ്സ് പിന്നിട്ടേ മരിക്കാറുള്ളൂ. ശാരീരിക-മാനസിക സുഖങ്ങള്‍ കുറയുമെങ്കിലും അസാധാരണമായ കര്‍മ്മശേിയും കലാപരമായ കഴിവുകളും ബുദ്ധികൂര്‍മ്മതയും കൊണ്ട് പലപ്പോഴും തങ്ങളുടെ ദുരിതാനുഭവങ്ങളെ മറികടക്കാന്‍ ഈ പന്ത്രണ്ടുവിധ കാളസര്‍പ്പ യോഗമുള്ള ജാതകര്‍ക്കും കഴിയാറുണ്ട് എന്നത് അനുഭവസിദ്ധമായ കാര്യമാണ്.
പരിഹാരങ്ങള്‍ ഇങ്ങനെ
നാഗാരിയായ ഗരുഡ ഭഗവാന്റെ മന്ത്രങ്ങള്‍ നിത്യവും ജപിക്കുന്നത് ഒരു പരിധിവരെ ഗുണം ചെയ്യും. എങ്കിലും കാളസര്‍പ്പയോഗത്തിനു, കാളകൂടം വിഴുങ്ങി ലോകരക്ഷ ചെയ്ത ശിവഭഗവാനെ ഭജിക്കുക എന്നതാണ് ശാശ്വത പരിഹാരം. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലുള്ള കാളഹസ്തീശ്വര ക്ഷേത്രത്തില്‍ പ്രത്യേകപൂജ ചെയ്തും ദുരിത ശാന്തി നേടാം. ഈ യോഗമുള്ളവര്‍ ജനിച്ച തിഥിയിലോ നക്ഷത്രത്തിലോ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നതും ദോഷകാഠിന്യം കുറയ്‌ക്കുകയും ഇതര യോഗഫലങ്ങള്‍ ശക്തമാക്കുകയും
ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: