സോള്‍: ദക്ഷിണ കൊറിയയില്‍ ഭരണപ്രതിസന്ധി രൂക്ഷം. പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂയെയും പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ഹ്രസ്വകാല പട്ടാളനിയമം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ദക്ഷിണ കൊറിയന്‍ രാഷ്ട്രീയം പ്രതിസന്ധിയിലായത്. മുന്‍പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് നേരത്തെ ഇംപീച്ച് ചെയ്തിരുന്നു.
യോളിന്റെ ഇംപീച്ച്മെന്റ് ശരിവയ്ക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാന്‍ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെയാണ് ദക്ഷിണകൊറിയന്‍ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്.
ഭരണഘടനാക്കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി സൂവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 അംഗ നാഷണല്‍ അസംബ്ലിയില്‍ 192 പേര് പ്രമേയത്തെ അനുകൂലിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി (പിപിപി) അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: