ന്യൂദല്‍ഹി: ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത്. ഇത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി പറഞ്ഞു.
കേസിലെ പ്രതിയായ ജ്ഞാനശേഖരന്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇയാളെ രക്ഷിക്കാനാണ് ഡിഎംകെ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വിദ്യാര്‍ത്ഥിനിയുടെ നീതിക്കായി സമരരംഗത്ത് ഇറങ്ങിയ എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജിനെയും മറ്റ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഏകാധിപത്യ ശൈലിയില്‍ അടിച്ചമര്‍ത്തുന്ന സമീപനമാണ് ഡിഎംകെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇരയ്‌ക്ക് നീതി ഉറപ്പാക്കുംവരെ എബിവിപി പോരാട്ടരംഗത്ത് നിലകൊള്ളുമെന്നും ഡോ. വീരേന്ദ്രസിങ് സോളങ്കി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക