എംടിയെക്കുറിച്ച് എത്രയെത്ര പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ മിക്കതും ഒരേ വിഷയത്തിലുള്ള വിശകലനങ്ങളാണ് പൊതുവേ നോക്കിയാല്‍. എന്നാല്‍ ഡോ.ആനന്ദ് കാവാലം എഴുതിയ എംടിയുടെ രചനകള്‍ ഒരു പുനര്‍വായന’എന്ന പുസ്തകം വ്യത്യസ്തമായിരിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കറന്റ് ബുക്സ് അടുത്തിടെ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കമാണ് ശ്രദ്ധേയം.
ജൈവ ദര്‍ശനം എംടിയുടെ നോവലുകളില്‍, തിണവ്യവസ്ഥയും എംടിയുടെ നോവലുകളും, എംടിയും ആധുനികതയും, ഗോവിന്ദന്‍കുട്ടിമാര്‍ ഉണ്ടാകുന്നത്, എംടിയുടെ ആഖ്യാനത ഭാരതീയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍, വേറിട്ടു നില്ക്കുന്ന 10 കഥകള്‍ എന്നിങ്ങനെയാണ് ഉള്ളടക്കത്തിന്റെ പേരുകള്‍. എഴുത്തുകാരന്റെ വിവിധ സൃഷ്ടികളില്‍ പടര്‍ന്നു കിടക്കുന്ന ഭൂപ്രകൃതിയുടെ വ്യത്യസ്ത മേഖലകളും കാലവും അവയുടെ ഘടനാ സ്വഭാവത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള പഠനം ഏറെ കൗതുകകരമാണ്, അസാധാരണമാണ്. ഡോ.ആനന്ദ് ആ വഴിക്ക് സഞ്ചരിച്ച് എഴുതിയ ലേഖനം എംടി തന്നെ വായിച്ച് ആസ്വദിച്ചതാണ്. (ഈ ഇനത്തില്‍, എംടി സ്വയം ചായ എടുത്തുകൊടുത്ത സംഭവം ഡോ.ആനന്ദ് ആമോദത്തോടെ ഓര്‍മ്മിക്കുന്നു)
ഈ പുസ്തകത്തില്‍ എംടിയുടെ 10 ചെറുകഥകള്‍ ഡോ.ആനന്ദ് വിശകലനം ചെയ്യുന്നു. അത് സാധാരണ പഠന വിധേയമായിട്ടുള്ള കഥകളല്ല. ആദ്യകാല കഥകളില്‍ ഒന്നായ ‘ഭാഗ്യം, ‘മന്ത്രവാദി, ‘ശത്രു,’ ‘ഡാര്-എസ്-‘സലാം,’ ‘രാവിലലിയാത്ത ഒരു നിഴല്‍, ‘വാരിക്കുഴി,’ ‘കര്‍ക്കിടകം, ‘ശിലാലിഖിതം,’ ‘പെരുമഴയുടെ പിറ്റേന്ന്,’ ‘കല്പ്പാന്തം’ എന്നീ കഥകളാണ് അവലോകനം ചെയ്യുന്നത്. അതില്‍ കല്പ്പാന്തത്തെക്കുറിച്ച് ഡോ.ആനന്ദ് എഴുതുന്നു: ലോക ചെറുകഥാ സാഹിത്യത്തില്‍ത്തന്നെ ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു കഥയാണ് കല്പ്പാന്തം, തികച്ചും നൂതനവും അപൂര്‍വ്വവുമായ ഒരു ആവിഷ്കാര മാതൃകയിലൂടെ ചുരുള്‍ നിവരുന്ന ഒരു രചനയാണിത്. മരിച്ചുകിടക്കുന്ന ഒരു വ്യക്തിക്ക് ചിന്തിക്കാനാവുമെങ്കില്‍ അവരുടെ മനോമണ്ഡലത്തില്‍ നടന്നേക്കാവുന്ന വിചാരങ്ങളെ അവതരിപ്പിക്കുകയാണ് എംടി ഇവിടെ ചെയ്യുന്നത്.
ബോംബെ നഗരം മുഴുവനും വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വേളയില്‍ വെള്ളം കയറിയ സ്വന്തം വീട്ടില്‍ തനിച്ചു കഴിയേണ്ടിവന്ന രുക്മിണി എന്ന ഹൃദ്രോഗിയും മലയാളിയുമായ വീട്ടമ്മയുടെ ജിവിച്ചിരുന്നപ്പോഴും മരണാനന്തരവുമുള്ള അവസ്ഥകളെയാണിതില് ചിത്രീകരിക്കുന്നത്. ബോധധാരാ സമ്പ്രദായത്തിന്റെ മാര്‍ഗ്ഗമുപയോഗിച്ചുള്ള പ്രതിപാദന രീതിയില്‍ കാല-ദേശ സീമകളെ മറികടന്നുകൊണ്ട് രുക്മിണിയുടെ ഓര്‍മ്മകളെ തന്റെ രചനാവൈദഗ്ധ്യം വെളിപ്പെടുത്തിക്കൊണ്ട് എംടി കോറിയിടുന്നു. അതിലൂടെ രുക്മിണി തന്റെ വിവാഹത്തിന്റെ ആദ്യദിവസങ്ങള്‍, നാട്ടിലെ (വെള്ളിനേഴി) ഭാഗം കഴിഞ്ഞതു മിച്ചം വെച്ച പണംകൊണ്ട് വാങ്ങിയ വീട്, മക്കള്‍, ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം സൂചിപ്പിക്കുന്നു.
വെള്ളപ്പൊക്കവും പേമാരിയും നിറഞ്ഞ ആ സമയത്ത് ഓഫീസ് കാര്യത്തിന് എന്നു പറഞ്ഞ് ടൂര്‍പോയ ഭര്‍ത്താവിന് അപകടമൊന്നും പറ്റരുതേ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുകയും പലരോടും അന്വേഷണം നടത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ മകളുടെ പ്രായമുള്ള സെക്രട്ടറി കൂടെയുണ്ടെന്നും അവള് സമ്മാനമായി കൊടുത്ത ജീന്‍സിന്റെ വിവരങ്ങളും ഫോണ്‍ വഴി മനസിലാക്കുന്നു. ഈ ഫോണ്‍ സന്ദേശത്തിലൂടെ തന്നോടു നടത്തിയ കളവുകളും കാപട്യങ്ങളും അവര്‍ക്ക് വ്യക്തമാകുന്നു. കൂടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ വന്ന വ്യത്യാസങ്ങളും. ഇവ നല്കിയ വിഹ്വലതകളാവണം ‘ശ്വാസംമുട്ടലും മുന്‍പ് ഒരു ആന്ജൈന പ്രശ്നവും’ വന്ന രുക്മിണിയെ പെട്ടെന്നുള്ള മരണത്തിലേക്കു നയിച്ചതെന്ന സൂചനയും നേരിട്ടു പറയാതെതന്നെ എംടി വായനക്കാര്‍ക്കു നല്കുന്നു. ഒടുവില്‍ മരണശേഷം വന്നുകൂടിയ സന്ദര്‍ശകര്‍ക്കിടയില്‍ തളര്‍ന്നിരിക്കുന്ന ഭര്‍ത്താവ് ‘ഇനി എനിക്കു നീയേ ഉള്ളു’ എന്ന ദയനീയ നോട്ടം തന്റെ സെക്രട്ടറിയുടെ നേരെ എറിയുന്നു. അവളാകട്ടെ ‘തള്ളയുണ്ടായിരുന്നപ്പോള് അതൊരു വിനോദം. പക്ഷേ പടുവൃദ്ധന്റെ ഭാരം ഏറ്റെടുക്കുമെന്ന വിചാരമുണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി’ എന്ന് അറിയിക്കുന്ന നോട്ടവുമായി, അവിടെ വന്നിരിക്കുന്നവരുടെ നോട്ടത്തില്‍നിന്നും, ഭാവിയില്‍ അയാളില്നിന്നുമൊക്കെ രക്ഷപ്പെടാനായി ‘ഞാനൊന്നു പോയിവരാം’ എന്നു പറഞ്ഞിട്ട് സ്ഥലം വിടുന്നു. ഈ ദൃശ്യമോര്‍ത്ത് മരിച്ചയാള്‍ക്ക് ഒന്ന് ചിരിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നതായി കഥാകൃത്ത് പറയുന്നു. തുടര്‍ന്നുള്ള കഥാന്ത്യത്തില്‍ അവര്‍ വടക്കേ ഇന്ത്യയിലെ ആര്‍ത്തുവിളിച്ചു വരുന്ന ശ്മശാനഘോഷ യാത്രയുമായി പൊരുത്തപ്പെട്ട് കിടക്കുന്നതു കാണാം. അതിനുശേഷം, എനിക്കു ചുറ്റും വീണ്ടും ഒരാഘോഷം നടക്കട്ടെ. ‘രാം നാം സത്യഹെ’, എന്ന് അവര്‍ ചിന്തിക്കുന്നുണ്ടാവണം എന്നുപറഞ്ഞുകൊണ്ട് കഥ അവസാനിപ്പിക്കുന്നു.
അപൂര്‍വമായ ഒരു പ്രമേയത്തിന്റെ ആവിഷ്കാരം തീര്‍ക്കുന്ന സവിശേഷത ഈ കഥയെ ഒരു വ്യത്യസ്ത രചനയാക്കി മാറ്റുന്നു. പ്രളയം, തണുപ്പ്, തളര്‍ച്ച, ഇരുട്ട് എന്നിവയുമായി ബന്ധപ്പെട്ട കല്‍പ്പനകളെ ഉചിതമാംവിധം പ്രയോഗിക്കുന്നതിലൂടെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയും പ്രമേയ പശ്ചാത്തലത്തെയും വായനക്കാരന് ശക്തമായ രീതിയില്‍ അനുഭവവേദ്യമാക്കിത്തീര്‍ക്കാന്‍ ഇവിടെ എംടിക്ക് കഴിയുന്നു. മിതത്വം പാലിച്ചുകൊണ്ടുള്ള പദപ്രയോഗങ്ങളിലൂടെയും അര്‍ത്ഥഗര്‍ഭമായ സൂചനകളിലൂടെയും ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന ഈ കഥയെ എംടിയുടെ ഏറ്റവും മികച്ച കഥനമാതൃകകളിലൊന്നായി ചൂണ്ടിക്കാട്ടാവുന്നതാണ്.
(തൃശൂര്‍ കറന്റ് ബുക്സാണ് പ്രസാധകര്. വില 175 രൂപ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: