ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. ദല്‍ഹിയില്‍ പ്രത്യേക സ്ഥലത്ത് സംസ്കാരത്തിന് അവസരം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ ആരോപണം.
ദല്‍ഹിയില്‍ സംസ്കാരം പോലും നടത്താന്‍ അനുവദിക്കാതെ തന്റെ അച്ഛനെ മരണശേഷം കോണ്‍ഗ്രസ് അപമാനിച്ചെന്ന് മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന് എന്‍.വി. സുഭാഷ് തിരിച്ചടിച്ചു. തരംതാണ രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ നേതൃത്വവും കുറ്റപ്പെടുത്തി.
ജീവിതത്തിന്റെ ഭൂരിഭാഗവും ദല്‍ഹിയില്‍ ചിലവഴിച്ച അച്ഛന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്കരിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുപോയി സംസ്കരിക്കാനും അവിടെ സ്മാരകം നിര്‍മ്മിക്കാനുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ കാപട്യം പുറത്തായ ദിവസമാണിന്ന്. സ്വന്തം നേതാക്കളോട് മോശമായി പെരുമാറിയത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്. പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണ്. കോണ്‍ഗ്രസിലെ രാജവംശത്തിന്റെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് അവര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും നരസിംഹറാവുവിന്റെ മകന് പരിഹസിച്ചു.
നാണംകെട്ടതും ദൗര്‍ഭാഗ്യകരവുമായ പ്രതികരണമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി വക്താവ് സംപിത് പാത്ര എംപി ആരോപിച്ചു. ഡോ. മന്‍മോഹന്‍സിങ്ങിന്റെ ബഹുമാനാര്‍ത്ഥം പ്രത്യേക സ്മാരകം നിര്‍മിക്കുമെന്ന കാര്യം സിങ്ങിന്റെ മരണം സംഭവിച്ച ഉടന്‍ തന്നെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസിനും കത്തു നല്‍കിയതാണ്. എന്നാല്‍ അതു മറച്ചുപിടിച്ച് രാജ്യത്ത് തരംതാണ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന് നന്ദിയുണ്ട്. മരണത്തെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സംസ്കാര ചടങ്ങുകളെപ്പറ്റി രാഹുല്‍ നടത്തിയ പ്രസ്താവന നാണംകെട്ടതാണ്. സ്മാരകത്തിന് പ്രത്യേകം സ്ഥലം അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ക്കായി സമയം വേണ്ടിവരുമെന്നും സംസ്ക്കാരം അതുവരെ വൈകിപ്പിക്കാനാവില്ല എന്നതും പ്രധാനമാണ്, സംപിത് പാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: