കണ്ണൂര്‍: 35-ാമത് ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ നടക്കും. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും സര്‍വ്വീസ് ടീമിനെയും പ്രതിനിധീകരിച്ച് എഴുനൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സെലക്ഷന് മത്സരം കൂടിയാണ് ഈ ചാമ്പ്യന്‍ഷിപ്പ്.
ഒളിമ്പ്യന്‍ ഭവാനി ദേവി ഉള്‍പ്പടെ ഇന്ത്യയുടെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച 13 പിസ്റ്റുകളിലായാണ് എപ്പി, സാബര്‍, ഫോയല്‍ വിഭാഗങ്ങളില്‍ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും നടക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് മത്സരം.
31ന് രാവിലെ 11ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫെന്‍സിങ് ഫെഡറേഷന് ഏഷ്യന്‍ സെക്രട്ടറി രാജീവ് മേത്ത, എംപിമാരായ കെ. സുധാകരന്, വി. ശിവദാസന്‍, ഫെന്‍സിങ് ഫെഡറേഷന് ട്രഷറര്‍ ബഷീര്‍ അഹമ്മദ് ഖാന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ.വി. സുമേഷ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ഒ.കെ. വിനീഷ്, കണ്ണൂര്‍ ഫെന്‍സിങ് അസോസിയേഷന് പ്രസിഡന്റ് ടി.സി. സാക്കീര്‍, കേരള ഫെന്‍സിങ് അസോസിയേഷന് പ്രസിഡന്റ് വി.പി. പവിത്രന്, ബോക്സിങ് ഡവലപ്മെന്റ് കമ്മറ്റി ഓഫ് ഇന്ത്യ വൈസ് ചെയര്മാന് ഡോ. എന്‍.കെ. സൂരജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: