Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ജൂനിയര്‍ അസോസിയേറ്റ്‌സ്: ഒഴിവുകള്‍ 14191

Published by

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers- Â-
കേരളത്തില്‍ 438 ഒഴിവുകളില്‍ നിയമനം
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 20-28 വയസ്
ജനുവരി 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ എസ്ബിഐ ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്)/ക്ലര്‍ക്ക് തസ്തികയില്‍ നിയമനത്തിന് ജനുവരി 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current_openings- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒരാള്‍ക്ക് ഒരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലെ ഒഴിവുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ശമ്പള നിരക്ക്: 24050-64480 രൂപ. ബിരുദക്കാര്‍ക്ക് രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ട്. അതിനാല്‍ 26730 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടെ തുടക്കത്തില്‍ പ്രതിമാസം ഏകദേശം 46,000 രൂപ ശമ്പളം ലഭിക്കും.

ഒഴിവുകള്‍: ആകെ 14191 (456 ബാക്ക്‌ലോഗ് അടക്കമുള്ള ഒഴിവുകളാണിത്). കേരളത്തിലെ എസ്ബിഐ ബ്രാഞ്ചുകളിലായി 438 ഒഴിവുകളുണ്ട്. ഓരോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംവരണം അടക്കമുള്ള ഒഴിവുകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം. അവസാനവര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.

സായുധസേനകളില്‍ 15 വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ച വിമുക്തഭടന്മാര്‍ക്ക് മെട്രിക്കുലേഷന് തത്തുല്യമായ ആര്‍മി/നേവി/എയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി 1.4.2024 ല്‍ 20-28 വയസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍/എസ്ബിഐ ട്രെയിന്‍ഡ് അപ്രന്റീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പ്രാദേശിക ഭാഷയില്‍ വായിക്കാനും
എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.

അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

പത്ത് അല്ലെങ്കില്‍ പന്ത്രണ്ട് ക്ലാസില്‍ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ച് പാസായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ് എഴുതേണ്ട ആവശ്യമില്ല.
ഒന്നാംഘട്ടം ഫെബ്രുവരിയില്‍ നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിവയില്‍ 100 ചോദ്യങ്ങള്‍, പരമാവധി 100 മാര്‍ക്കിനുണ്ടാവും. ഒരു മണിക്കൂര്‍ സമയം ലഭിക്കും. ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. ഇതില്‍ യോഗ്യത നേടുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി രണ്ടാംഘട്ട ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും.

മെയിന്‍ പരീക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നെസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, റീസണിങ് എബിലിറ്റി ആന്റ് കമ്പ്യൂട്ടര്‍ ആപ്ടിട്യൂഡ് എന്നിവയിലായി 190 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണിത്. 2 മണിക്കൂര്‍ 40 മിനിറ്റ് സമയം അനുവദിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. സംസ്ഥാനാടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും. വെയിറ്റ് ലിസ്റ്റുമുണ്ടാകും.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി/എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കും. കേരളത്തിലും ലക്ഷദ്വീപിലുമുള്ളവര്‍ക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by