കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ഭിന്നതയാകും ജനുവരി രണ്ടു മുതല്‍ പാമ്പാടിയില്‍ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. രണ്ടാം പിണറായി സര്‍ക്കാര്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയ്ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ചയാകും. ജില്ലയില്‍ മാണി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. സിപിഎമ്മിന് ലഭിക്കേണ്ടിയിരുന്ന പാലാ നഗരസഭ അധ്യക്ഷസ്ഥാനം മാണി വിഭാഗം നിഷേധിച്ചത് മുതല്‍ പാര്‍ട്ടിയില്‍ ഈയൊരു മനോഭാവം ശക്തമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാലാ നഗരസഭാ അധ്യക്ഷപദം ചിരകാലസ്വപ്നമായിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏക കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തിനെ അധ്യക്ഷനാക്കില്ലെന്ന നിലപാടാണ് മണി ഗ്രൂപ്പ് സ്വീകരിച്ചത്. ഇത് സിപിഎമ്മിന് വലിയ നാണക്കേടായി. പാര്‍ട്ടി ചിഹ്നത്തെത്തന്നെ തളളിപ്പറയുന്ന നിലപാടായി അത്.
നവ കേരള സദസ്സ് പാലായില്‍ എത്തിയപ്പോള്‍ വികസന ആവശ്യം ഉന്നയിച്ച തോമസ് ചാഴികാടനെ വേദിയില്‍ വച്ച് മുഖ്യമന്ത്രി ശാസിച്ചത് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാഴികാടന്റെ തോല്‍വിക്കുപോലും മുഖ്യകാരണം ഇതാണെന്ന് മണി വിഭാഗം കരുതുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി വിഭാഗം യുഡിഎഫിലേക്ക് ചേക്കേറുമോ എന്ന സന്ദേഹം നിലനില്‍ക്കെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള സാധ്യതകളും ജില്ലാ സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: