കൊച്ചി: ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ വിയോഗത്തില്‍ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
കാര്‍ണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോര്‍ട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടര്‍ കെ മീര IAS ആണ് ഇക്കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തും പുതുവത്സരാഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്.
കാര്‍ണിവല്‍ കമ്മിറ്റിയുടെ ഔദ്യോഗിക കുറിപ്പ്
എന്നാല്‍ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റമില്ല. ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫോര്‍ട്ട്കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്.
ഒരേസമയം രണ്ടു പരിപാടികള്‍ നടന്നാല്‍ രണ്ടിനും മതിയായ സുരക്ഷ നല്‍കാനാകില്ല എന്നായിരുന്നു പൊലീസ് നിലപാട്. പതിനായിരകണക്കിനാളുകള്‍ എത്തുന്ന പരിപാടിയില്‍ സുരക്ഷ ഉറപ്പുനല്ക്കാനാകാനാവാത്തതിനാല് വെളിഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റണമെന്നും ഫോര്‍ട്ട് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ നല്കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യേണ്ടതെന്ന കാര്യം വിശദമാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദ്ദേശം നല്‍കുകയാണ് ഉണ്ടായത്. പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്കിയാല് തന്നെ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: