പനാജി : പുതുവത്സര ആഘോഷങ്ങൾക്കായി വിനോദസഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ഗോവയിലെ ബീച്ചുകൾ. ക്രിസ്മസിന് ശേഷം നോർത്ത് ഗോവയുടെ തീരദേശ മേഖലയിൽ പാർട്ടിയുടെ മൂഡ് തുടങ്ങിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും തീരദേശ സംസ്ഥാനത്തേക്ക് ഒഴുകിയെത്താൻ തുടങ്ങി.
ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ പൂർണ്ണമായി ബുക്കിങ് കഴിഞ്ഞിട്ടുണ്ടെന്ന് ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടേ പറഞ്ഞു. വടക്കൻ ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കലാൻഗുട്ട്, കണ്ടോലിം, ബാഗ, അഞ്ജുന, മാൻഡ്രം ബീച്ചുകൾ. ഇവിടെയും സഞ്ചാരികളുടെ കുത്തൊഴുക്ക് കാണാൻ സാധിക്കുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്.
ബീച്ചും അനുബന്ധ ടൂറിസവും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് തീരദേശ സംസ്ഥാനം സന്ദർശിക്കുന്നത്. അതേസമയം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാരാസെയിലിംഗും ജെറ്റ് സ്കീയിംഗും ഇവിടെ സജീവമാണ്.
പ്രധാനമായും സൂര്യാസ്തമയത്തിനുശേഷം, ഗോവയിലെ പ്രശസ്തമായ രാത്രിജീവിതം ആസ്വദിക്കാൻ നിരവധി ഗ്രൂപ്പുകൾ ഇവിടെ എത്തുന്നു എന്നതാണ് വസ്തുത. പുതുവത്സരം അടുക്കുമ്പോൾ ആവേശം പ്രകടമാണ്, പലരും ബീച്ചിൽ ഗംഭീരമായ ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഖൗണ്ടേ പറഞ്ഞു.
കൂടാതെ ഗോവയുടെ വിനോദസഞ്ചാരത്തെ ചുറ്റിപ്പറ്റിയുള്ള നിഷേധാത്മക പ്രചാരണം പരാജയപ്പെട്ടുവെന്നാണ് മനോഹരമായ വിനോദസഞ്ചാരികളുടെ വരവ് കാണിക്കുന്നതെന്ന് ഖൗണ്ടേ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഗോവ പോലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ പറഞ്ഞു. എല്ലാ പ്രമുഖ സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: