മുംബൈ : അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് സാധുവായ രേഖകളില്ലാതെ താമസിച്ചതിന് ആറ് സ്ത്രീകൾ ഉൾപ്പെടെ 16 ബംഗ്ലാദേശികളെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. എടിഎസ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് അറസ്റ്റ് നടന്നതെന്ന് അധികൃതർ പറഞ്ഞു.
നവി മുംബൈ, താനെ, സോലാപൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയത്. നടപടിയുടെ ഭാഗമായി ഏഴ് പുരുഷന്മാരെയും ആറ് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. തുടർന്ന് ഫോറിനേഴ്‌സ് ആക്ടും മറ്റ് നിയമങ്ങളും പ്രകാരം മൂന്ന് കേസുകളിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ കാർഡുകൾ പോലുള്ള ഇന്ത്യൻ രേഖകൾ ഈ ബംഗ്ലാദേശി പൗരന്മാർ നേടിയെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. എടിഎസിന്റെയും പോലീസിന്റെയും സംയുക്ത സ്ക്വാഡ് വെള്ളിയാഴ്‌ച രാത്രി ജൽന ജില്ലയിൽ നിന്നാണ് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്. പ്രതികൾ ഭോകർദാൻ താലൂക്കിലെ ക്രഷർ മെഷീനുകളിൽ ജോലി ചെയ്യുകയായിരുന്നു.
ഇവർ ഇന്ത്യയിൽ അനധികൃതമായി ജോലി ചെയ്യുന്നതിനായി തങ്ങളുടെ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ അനധികൃതമായി താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: