Kerala

പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശിച്ചു

Published by

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശനം നടത്തി.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ചതുരശ്ര കി. മി ഒഴിവാക്കി പകരം മൂന്നാര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റേഞ്ചിലെ 10.1694 ച. കി.മി. വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേര്‍ക്കണമെന്നാണ് ആവശ്യം. ഇതിന്റെ തുടര്‍ നടപടികളായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം നടത്തിയത്.

ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഡോ. രമണ്‍ സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. രഘുപ്രസാദ്, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ് പ്രമോദ് ജി. കൃഷ്ണന്‍, എന്‍ടിസിഎ മെമ്പര്‍ ഹരിണി വേണുഗോപാല്‍, കോട്ടയം എഫ്ഡിപിടി ആന്‍ഡ് സിസിഎഫ് വൈല്‍ഡ് ലൈഫ് പ്രമോദ് പി.പി, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ജയചന്ദ്രന്‍, പെരിയാര്‍ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്ദീപ്, ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ.് സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് തട്ടേക്കാട് സന്ദര്‍ശനത്തിന് എത്തിയത്.

തട്ടേക്കാട് എത്തിയ സംഘം കരട് ശിപാര്‍ശയെ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആന്റണി ജോണ്‍ എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക