രാഷ്ട്രീയക്കാരനല്ലാത്ത ഭരണാധികാരി, സാമ്പത്തിക വൈദഗ്ധ്യത്തിന്റെ തമ്പുരാന്, മാന്യന്, സൗമ്യന്‍, മിതഭാഷി, തുടങ്ങിയ വിശേഷണങ്ങളൊക്കെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനു യോജിക്കും. സാമ്പത്തിക മേഖലയില്‍ ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ എത്തിയത്. ഈ കാലയളവില്‍ യുജിസി ചെയര്മാന്, കേന്ദ്ര ധനകാര്യ സെക്രട്ടറി, റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിദേശ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായിട്ടായിരുന്നു തുടക്കം. പിന്നീട് മൊറാര്‍ജി ദേശായി, ചരണ്‍സിങ്, രാജീവ് ഗാന്ധി, വി.പി.സിങ്, ചന്ദ്രശേഖര്‍ എന്നിവരുടെ കീഴിലെ ഔദ്യാഗിക ചുമതലകള്‍ക്കു ശേഷം നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി. ആ നീണ്ട കാലയളവില്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലയ്ക്കു സ്ഥിരത നല്കാന് അദ്ദഹത്തിനു സാധിച്ചു.
സ്വയം രാഷ്ട്രീയക്കാരനല്ലെങ്കിലും രാഷ്ട്രീയക്കാരുടെ വലയത്തിലായിരുന്നതിനാല് അദ്ദേഹത്തിനു പലപ്പോഴും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്, ഈ സാമ്പത്തിക വിദഗ്ധന്റെ മികവിന്റെ ഫലം ഒരു പരിധിവരെ രാഷ്ട്രത്തിനു നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ക്കാരും പാര്‍ട്ടി സംവിധാനവും അടിമുടി അഴിമതി ആരോപണങ്ങളില്‍ മുങ്ങിയപ്പോള്‍ ധനമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ആ കറ മന്മോഹന് സിങ്ങിന്റെ മേലും പുരണ്ടു. പക്ഷേ, ചുറ്റുമുള്ള ഉപജാപക സംഘത്തെ മറികടന്ന്, ശരിയെന്ന് ഉറപ്പുള്ളതില്‍ ഉറച്ചു നില്ക്കാന് കഴിയാതെപോയത് അദ്ദേഹത്തെ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന വിശേഷണത്തിന് ഉടമയാക്കി. ദാരിദ്ര്യം അറിഞ്ഞും അനുഭവിച്ചും ജീവിച്ച മന്മോഹന് സിങ് നിശ്ചയദാര്‍ഢ്യംകൊണ്ട് പ്രതിബന്ധങ്ങളെ കീഴടക്കിയാണ് ഭാവി കെട്ടിപ്പടുത്തത്. ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെട്ട പഞ്ചാബില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വിഭജനത്തിനു ശേഷം അമൃത്സറിലേക്കു കുടിയേറുകയായിരുന്നു. ബിരുദ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിഡ്ജിലും ഓക്സ്ഫഡിലുമായി ഉന്നത വിദ്യാഭായസം നേടിയാണ് സാമ്പത്തിക മേഖലയില്‍ സേവനത്തിന് ഇറങ്ങിയത്. അതുകൊണ്ടുതന്നെ സാധാരണക്കാരും പാവപ്പെട്ടവരും എന്നും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിന്റെ ശില്പിയായി ഓര്‍മിക്കപ്പെടുന്ന പേരാണ് ഡോ. മന്മോഹന് സിങ്ങിന്റേത്. 1991-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ പെട്ടെന്ന് തകര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിഷ്കരണങ്ങള്‍ രാജ്യത്തെ വളര്‍ച്ചയുടെ പുതിയ പഥത്തിലേക്ക് നയിച്ചു. നെഹ്റുവിയന്‍ സോഷ്യലിസം എന്ന കുറ്റിയില്‍ തളച്ചിടപ്പെട്ട സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചത് മന്മോഹന് സിങ്ങിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. ജീവിതകാലം മുഴുവന്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്യുകയും ദേശീയവും ആഗോളവുമായ വെല്ലുവിളികളോട് പൊരുതുകയും ചെയ്തു. ധനമന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വിപണി സ്വാതന്ത്ര്യം, വിദേശ നിക്ഷേപം, നികുതി പരിഷ്കരണങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയമായി. ലൈസന്‍സ് രാജ് അവസാനിപ്പിച്ച്, വിദേശ നിക്ഷേപങ്ങളുടെ വഴി തുറക്കുകയും, വ്യാപാര, നികുതി മേഖലകളെ പരിഷ്കരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക പരിഷ്കരണങ്ങള്‍, ആരോഗ്യ മിഷന്, പൗരത്വ ഐ.ഡി. തുടങ്ങിയ പദ്ധതികള്‍ സമഗ്ര വികസനത്തിനും ദാരിദ്ര്യത്തോട് പോരാടുന്നതിനും വലിയ സംരക്ഷണമായിരുന്നു. ഭാരത-യുഎസ് ആണവ കരാര്‍ സഖ്യകക്ഷികളായ ഇടത് പക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യാഥാര്‍ഥ്യമാക്കി. രാജ്യത്തെ ഭരണനിര്‍വഹണത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്കിയ വിവരാവകാശ നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി എന്നതും അദ്ദേഹത്തെ രേഖപ്പെടുത്തുന്ന കാര്യമാണ്. ദുര്‍ബലനായ പ്രധാനമന്ത്രി എന്ന വിമര്‍ശനത്തെ മറികടക്കാന്‍, 10 വര്‍ഷം പ്രധാനമന്ത്രി കസേരയില്‍ ഇരുന്നിട്ടും അദ്ദേഹത്തിനു കഴിയാത്തത്, അതിരുകടന്ന വിധേയത്വംകൊണ്ടായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നത് രാജ്യം പലവട്ടം കണ്ടറിഞ്ഞതാണ്. മന്ത്രിസഭാ തീരുമാനം പാര്‍ട്ടിയിലെ യുവനേതാവ് പരസ്യമായി കീറിയെറിഞ്ഞിട്ടും പ്രതികരിക്കാനാകാതെ നിസ്സഹായനായി നില്‍ക്കേണ്ടിവന്നത് എന്നെന്നും മന്മോഹന് സിങ്ങിനോടോപ്പം ഓര്‍മിക്കപ്പെടും. അപ്പോഴും, അഴിമതി തീണ്ടാത്ത ഭരണാധികാരി എന്ന പരിവേഷവും അദ്ദേഹത്തോടൊപ്പമുണ്ടാകും. വിനയത്തിന്റെയും സത്യസന്ധതയുടെയും മാന്യതയുടെയും ആള്‍രൂപമായിരുന്ന മന്മോഹന് സിങ്ങിന് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: