ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ഡോ. മന്മോഹന് സിങ്ങിനെ രാഷ്ട്രം പ്രധാനമായും അനുസ്മരിക്കുന്നത് മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലാണ്. ഉദാരവത്കരണ നയത്തിലൂടെ രാജ്യത്തിന് പുത്തന്‍ ദിശാബോധം നല്കിയ വ്യക്തി. പ്രധാനമന്ത്രി സ്ഥാനം മോഹിച്ചിരുന്നില്ലെങ്കിലും ഒരു നിര്‍ണായക ഘട്ടത്തില്‍ ഭാരതത്തിന്റെ ഭരണയന്ത്രം നിയന്ത്രിക്കാന്‍ അദ്ദേഹം നിയുക്തനായി. 2004 മുതല്‍ 2014 വരെയായിരുന്നു മന്മോഹന് സിങ്ങിന്റെ ഭരണകാലം.
അവിഭക്ത ഭാരതത്തിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഗഹ് ഗ്രാമത്തില്‍ 1932 സപ്തംബര്‍ 26 ന് ജനനം. ഗുര്‍മുഖ് സിങ്ങും അമൃത് കൗറുമായിരുന്നു മാതാപിതാക്കള്‍. ഗുര്‍ശരണ്‍ കൗറാണ് മന്മോഹന് സിങ്ങിന്റെ ഭാര്യ. മൂന്ന് പെണ്മക്കളാണുള്ളത്.
വിഭജന സമയത്ത് കുടിയിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അവര്‍ ഭാരതത്തിലേക്ക് താമസം മാറി. തുടര്‍ന്ന് അമൃത്സറില് സ്ഥിരതാമസമാക്കി.
1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ “India’s Export Trends and Prospects for SelfSustained Growth, 1964 എന്ന പുസ്തകം രാജ്യത്തിനകത്തുള്ള സാധ്യതകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഭാരതത്തിന്റെ വ്യാപാരനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.
പഞ്ചാബ് സര്‍വകലാശാലയിലും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും നിയമിതനായി. പല പ്രധാന പദവികളും ഇദ്ദേഹത്തെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിങ് കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ചെയര്മാന് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1991-96 കാലഘട്ടത്തില്‍ നരസിംഹ റാവു മന്ത്രിസഭയില്‍ ഡോ. സിങ് ധനകാര്യമന്ത്രിയായി. ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന ഈ കാലയളവില്‍ സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ലൈസന്‍സ് രാജിന് തടയിടാന്‍ മന്മോഹന് സാധിച്ചു. ബയോമെട്രിക് സംവിധാനമായ ആധാറിന്റെ പിറവി ഡോ. സിങ് പ്രധാനമന്ത്രിയായിരിക്കെ 2009 ലായിരുന്നു. 2005 ല്‍ വിവരാവകാശ നിയമവും കൊണ്ടുവന്നു.
ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും ഡോ. മന്മോഹന് സിങ്ങിനെ തേടിയെത്തി. 1987ലാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചത്. 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാമണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസുമാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ ഓണററി ബിരുദവും സമ്മാനിച്ചു.
പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഭാരത പ്രതിനിധിയായി പങ്കെടുത്തു. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഭാരത സംഘത്തെ നയിച്ചു.
1991 മുതല്‍ രാജ്യസഭാംഗമായിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും സിങ്ങായിരുന്നു. 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: