Kerala

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്‍റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്‍റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്.

Published by

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ നേരെചൊവ്വേ നടക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗമായിരുന്നു എന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ആ വിവാദത്തില്‍ എന്‍ടിഎയെ സംശയനിഴലില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ഉള്ള ചില സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ സൈലവും ഉണ്ടായിരുന്നു. സൈലത്തിന് രാഷ്‌ട്രീയ അജണ്ടയുണ്ടോ എന്ന ചോദ്യം അന്ന് പൊതുമണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.

നീറ്റ് പരീക്ഷാപേപ്പര്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി ചിലര്‍ ചോര്‍ത്തുകയായിരുന്നു. സിബിഐ അന്വേഷണമാണ് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവന്നത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളിലെത്തിയ നീറ്റ് പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ ഒരു പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ചോര്‍ത്തുകയായിരുന്നു എന്ന് കണ്ടെത്തി. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പേപ്പര്‍ സോള്‍വേഴ്സും ഉള്‍പ്പെടുന്ന സംഘമായിരുന്നു നീറ്റ് പരീക്ഷാനടത്തിപ്പില്‍ കാര്യക്ഷമതയില്ലെന്ന് കാട്ടാന്‍ പ്രവര്‍ത്തിച്ചത്.

ഇതോടെ മോദി സര്‍ക്കാരിനെ നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. ഇതിന് സമാന്തരമായി സുപ്രീംകോടതിയിലും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ചില കോച്ചിംഗ് സെന്‍ററുകള്‍ ശ്രമിച്ചിരുന്നു. അതില്‍ ഫിസിക്സ് വാല, കേരളത്തില്‍ നിന്നുള്ള സൈലം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നും സൈലത്തിനും കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നായിരുന്നു തെളിഞ്ഞത്. അന്ന് ദേശീയതലത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ഇരുന്ന കോണ്‍ഗ്രസ്, സിബിഐ അന്വേഷണം കുറ്റവാളികളെ കണ്ടെത്തി അജണ്ട പൊളിച്ചതോടെ പൊടുന്നനെ കോണ്‍ഗ്രസ് തടിതപ്പുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചാവിവാദത്തില്‍ എംഎസ് സൊലൂഷന്‍സ് എന്ന കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അതേ സമയം എംഎസ് സൊലൂഷന്‍സ് ഉടമ സൈലത്തിന്റെ പേരും ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. കാരണം ചോദ്യപേപ്പറില്‍ ഉള്ള ചോദ്യങ്ങളില്‍ അധികവും സൈലത്തിന്‍റേതായിരുന്നു എന്നാണ്

സൈലത്തിന്റെ പൊടുന്നനെയുള്ള അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും എംഎസ് സൊലൂഷന്‍സ് ഉടമ ഷുഹൈബ് ആരോപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ മാത്രമായി അന്വേഷണം കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ സൈലത്തെ രക്ഷിക്കാനാണെന്നും ഷുബൈബ് ആരോപിച്ചിരുന്നു. അതേ സമയം തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തായാലും എംഎസ്. സൊലൂഷന്‍സ് ഉടമ ഇപ്പോള്‍ ഒളിവിലാണ്. അടുത്ത ദിവസം ഹാജരായില്ലെങ്കില്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക