വാക്കില്‍ വികാരം ആവേശിപ്പിച്ച, എഴുത്തുകാരിലെ വെളിച്ചപ്പാടായിരുന്നു എംടി. നമുക്ക് ചുറ്റുമുള്ള ഏറെ പരിചിതരായ മനുഷ്യരെ അക്ഷരങ്ങളിലൂടെ അനശ്വരരും അഭൗമരുമാക്കി അദ്ദേഹം. അതിന്റെ പേരില്‍ കൊണ്ടാടപ്പെട്ടു. അഭൗമരായ ഇതിഹാസ കഥാപാത്രങ്ങളെ വാക്കുകൊണ്ട് വ്യാഖ്യാനിച്ച് സാധാരണക്കാരാക്കിയതിന് ഏറെ വിമര്‍ശിക്കപ്പെട്ടു. പുനരാഖ്യാനങ്ങളല്ല, വ്യാഖ്യാനങ്ങളിലൂടെയായിരുന്നു എംടിയുടെ അക്ഷര സഞ്ചാരം. സ്തുതികളിലും നിന്ദയിലും മൗനം പാലിച്ച് സര്ഗക്രിയകളില് അസാമാന്യനായി മാറിയ എംടി എഴുത്തില്‍, സിനിമയില്‍, പത്രപ്രവര്‍ത്തനത്തില്‍ ഉജ്ജ്വലപ്രതിഭ തെളിയിച്ചു.
എംടിയുടെ ‘അസുരവിത്തി’ലെ ഗോവിന്ദന്‍കുട്ടി അനശ്വരനായ, ഇനിയും സാഹിത്യമായും രാഷ്ട്രീയമായും സാമൂഹ്യമായും വായിച്ചു മുഴുമിപ്പിക്കാത്ത കഥാപാത്രമായി നില്ക്കുന്നു. സ്വാര്‍ത്ഥ സ്നേഹത്തിന്റെ മൂര്‍ത്തിയായ ‘കാല’ത്തിലെ സേതു കാലാതിവര്‍ത്തിയായി തുടരുന്നു. കാംക്ഷിക്കുന്ന സ്നേഹവും പരിഗണനയും കിട്ടാതെ പോയ ഭീമന് ‘രണ്ടാമൂഴ’ക്കാരുടെ നിത്യപ്രതീകമാകുന്നു. ഇവരിലൂടെയെല്ലാം സഞ്ചരിച്ച് ‘വാരാണസി’യുടെ പുണ്യഭൂമിയിലെത്തിയ സുധാകരന് മോക്ഷത്തിലേക്കുള്ള വഴിയില്‍ തിരിയുന്നു. കാലം വളര്‍ത്തിയ എഴുത്തിന്റെ കാതലും അതിലൂടെയുള്ള സന്ദേശവും ജീവിത ചിന്തയിലൂടെ എഴുത്തിന്റെ ലോകത്ത് അടയാളങ്ങളായി അവശേഷിപ്പിച്ചാണ് എംടി കടന്നുപോയത്.
‘മഞ്ഞ്’ എന്ന നോവലില്‍ എംടി കഥാപാത്രത്തെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നു: ”മരിച്ചുപോയവരെ ഓര്‍ത്ത് ഉറക്കം കളയരുത്. ജീവിച്ചിരിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ ഭൂമിയില്‍.” എംടി കാലം കടന്നു പോയാലും എംടിയുടെ കഥാപാത്രങ്ങള്‍ ഈ ഭൂമിയിലുണ്ടല്ലോ. അതുകൊണ്ടുതന്നെയാവണം, മരണാനന്തരമുള്ള പതിവ് ആചാരങ്ങളായ പൊതുദര്‍ശനവും മൗനജാഥയും വേണ്ടെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നത്; ഭൗതിക ദേഹത്തിനരികില്‍ വിളക്കുകൊളുത്തി ബന്ധുക്കള്‍ രാമനാമജപം നടത്തിയത്.
‘വാരാണസി’യിലെ സുധാകരന് അവസാനം എത്തിച്ചേര്‍ന്ന, അയാള്‍ ചുറ്റിയലഞ്ഞ കാശി, വാരാണസി, ഗംഗാതീരം, ശ്മശാന ഘാട്ടുകള്‍ എല്ലാം അയാളെ ഒടുവില്‍ പഠിപ്പിച്ചത് ഏറെയായിരുന്നു- ജീവിതം പകര്‍ത്തിയതുപോലെ എംടി അവസാന നോവലായ വാരാണസിയില്‍ എഴുതി: ”കാലഭൈരവന് ഇപ്പോഴും റോന്തുചുറ്റുന്നുണ്ടാവും. മണികര്‍ണികയിലും ഹരിശ്ചന്ദ്ര ഘാട്ടിലും ഇപ്പോഴും ശവങ്ങള് കത്തിയെരിയുന്നുണ്ടാവും. ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരിടത്താവളമായിത്തീര്‍ന്നു. നാളെ, നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: