കടയ്ക്കല്‍: അധികൃതരുടെ അവഗണനയില്‍ നവീകരണം സ്വപ്നമായി കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം. കായിക പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന വാക്കിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായത്തോടെ സ്റ്റേഡിയം നവീകരിക്കാന്‍ പണം അനുവദിച്ചെന്ന മന്ത്രിയുടെ പ്രഖ്യാനമുണ്ടായെങ്കിലും നവീകരണം മാത്രം നടന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്. രാജദാസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയാണ് കിളിമരത്തുകാവില്‍ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. വയല്‍ നികത്തി സ്റ്റേഡിയം എന്ന് നാമകരണം ചെയ്തതല്ലാതെ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. വയല്‍ നികത്തിയ സ്ഥലമായതിനാല്‍ ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടാണ്. കുഴികളില്‍ വെള്ളം നിറഞ്ഞ് സ്റ്റേഡിയത്തില്‍ ആള് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വേനല്‍ ആയാല്‍ പൊടിപടലങ്ങള്‍ കൊണ്ട് സ്റ്റേഡിയം നിറയും. ഒരു ഭാഗത്ത് കാടുപിടിച്ചു.
പഞ്ചായത്ത് ഭരണസമിതികള്‍ മാറിയെങ്കിലും സ്റ്റേഡിയം അങ്ങനെതന്നെ തുടര്‍ന്നു. എന്നാലും എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായി സ്റ്റേഡിയത്തിന്റെ വികസമുണ്ടാകും. കടയ്ക്കല്‍ പഞ്ചായത്ത് തുടര്‍ച്ചയായി ഭരിക്കുന്നത് ഇടതു മുന്നണിയാണ്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയും ഒട്ടേറെ തവണ സ്റ്റേഡിയം നവീകരണം വാക്കാല്‍ വാഗ്ദാനം ചെയ്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലതവണ സ്ഥലം സന്ദര്‍ശിച്ചു. വ്യായാമത്തിന് വേണ്ടി പുലര്‍ച്ചെ സവാരിക്ക് എത്തുന്നവരും സ്റ്റേഡിയത്തിന്റെ അവസ്ഥ മൂലം എത്താതായി. സ്കൂള്‍ കായികമേളയ്ക്ക് നേരത്തെ സ്റ്റേഡിയം സ്ഥലം ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അതിനും കഴിയാത്ത നിലയിലാണ് അവസ്ഥ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയ്ക്കല്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിന്റ ഒരു ഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പ്രത്യകം ക്രീസ് തയ്യാറാക്കിയെങ്കിലും ഇപ്പോഴത് വള്ളിച്ചെടികള്‍ മൂടി ടര്‍ഫുകളും മറ്റും പൊളിഞ്ഞു നാശമായ അവസ്ഥയിലാണ്. ക്ലബിലെ അംഗങ്ങള്‍ ധനസമാഹരണം നടത്തി നിര്‍മിച്ചതാണ് ഈ ടര്‍ഫ്. എന്നാല്‍ നോക്കാനോ സംരക്ഷിക്കാനോ ആളില്ലാതായതോടെ അതും നശിച്ചു. മാസങ്ങള്‍ക്കു മുന്‍പ് വൈകുന്നേരങ്ങളില്‍ വോളിബാള്‍, ബാഡ്മിന്റണ്‍ പരിശീലനത്തിനായി യുവാക്കള്‍ എത്തുമായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളും ഹൈ മാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ അതും നിലച്ചു.
ഇപ്പോള്‍ അനധികൃത ഡ്രൈവിങ് പരിശീലനകേന്ദ്രമായി ഇവിടം മാറി. പഞ്ചായത്തിലെ മാലിന്യങ്ങളും കല്ലും മണ്ണും കൊണ്ടും തള്ളുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ യുവാക്കളുടെ കായിക അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശോന്മുഖമായ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: