തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി. നൂറ് കോടി രൂപയുടെ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണിക്കയായി ലഭിച്ച വിദേശ കറന്‍സി കൈകാര്യം ചെയ്യുന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ടിടിഡി ബോര്‍ഡ് അധ്യക്ഷനും ട്രസ്‌റ്റികള്‍ക്കും നല്‍കിയ ഔദ്യോഗിക കത്തില്‍ ആവശ്യപ്പെട്ടു.
വിദേശ കറന്‍സി എണ്ണുന്നതിന്റെ ചുമതയുള്ള സി വി രവികുമാറിനെതിരെ നിരാകരിക്കാനാകാത്ത തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം 200 കോടി രൂപയുടെ വിദേശ കറന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പൊതു വിശ്വാസത്തെ ഒറ്റിക്കൊടുക്കലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, രവികുമാർ തന്റെ ശരീരത്തിൽ ഒരു രഹസ്യ അറ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നും, സുരക്ഷാ പരിശോധനകൾ മറികടക്കാൻ വേണ്ടിയാണെന്നും റെഡ്ഡി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി.
2023 ഏപ്രിലില്‍ ഇയാളെ കാണിക്ക കടത്തിയതിന് കയ്യോടെ പിടികൂടിയിരുന്നു. വിജിലന്‍സ് അസിസ്‌റ്റന്‍റ് സുരക്ഷ ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും എഫ്ഐആർ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. ഈ മൂടിവെക്കൽ ഒത്തുകളിയുടെ ഭാഗമാണ്, തങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അത്തരം നടപടികള്‍ തുടരാൻ അനുവദിക്കാനാവില്ലെന്നും ഭാനുപ്രകാശ് റെഡ്ഡി പറഞ്ഞു.
ഭക്തര്‍ സമര്‍പ്പിക്കുന്ന ഓരോ രൂപയും വിശുദ്ധമാണ്. പദവികള്‍ ദുരുപയോഗം ചെയ്‌ത് ഇതില്‍ തട്ടിപ്പ് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: