തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം ടി വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം ടി കാലയവനികക്കുള്ളിൽ മറയുമ്പോഴും അദ്ദേഹം എഴുതിയ കഥകളും നോവലുകളും സൃഷ്ടിച്ച ചലച്ചിത്രങ്ങളുമെല്ലാം എന്നും നിലനിൽക്കും. ഇനി വരാനുള്ള തലമുറ കളും കേരളീയ സംസ്കൃതിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും ഹൃദിസ്ഥമാക്കാൻ എംടിയെ വായിച്ചു കൊണ്ടേയിരിക്കും. എം ടിയുടെ തൂലിക മലയാള ഭാഷയിലും വെള്ളിത്തിരയിലും സൃഷ്ടിച്ച വിപ്ലവം അദ്ദേഹത്തിനു മാത്രം സാധ്യമായതാണ്.
വള്ളുവനാടൻ ഗ്രാമീണ സംസ്കൃതിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മലയാളിയുടെ സംസ്കാരത്തെ ഉയർത്തിയ എഴുത്തുകാരനാണദ്ദേഹം. ലോകത്തിലുള്ള എന്തിനെ കുറിച്ചെഴുതിയാലും നിളാ നദിയിലെ ഒരു കൈക്കുമ്പിൾ വെള്ളം എംടി അതിൽ ചേർത്തു വച്ചു. സ്വന്തം സംസ്കാരത്തിലുള്ള അഭിമാനബോധമായിരുന്നു അത്. ലോകോത്തര എഴുത്തുകാരന് ആദരാഞ്ജലികൾ. മലയാളത്തിന്റെ ദു:ഖത്തിനൊപ്പം ഞാനും ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: