തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്‌ദേശത്തില്‍ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീര്‍ണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകര്‍ന്നുവെച്ചത്. വള്ളുവനാടന്‍ നാട്ടുജീവിത സംസ്‌കാരത്തില്‍ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയര്‍ന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതല്‍ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ കടന്നുചെല്ലാന്‍ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്‌ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ ഭാഷയ്‌ക്കും സാഹിത്യത്തിനും എം ടി നല്‍കിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: