India

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ നിയമനം; ജാതി, മത, പ്രാദേശിക വാദവുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെടെയുള്ളവരെ ജാതിയുടെയും മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ച് കോണ്‍ഗ്രസ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനെ നിയമിക്കുമ്പോള്‍ ജാതി-മത-സാമുദായിക, പ്രാദേശിക പരിഗണനകള്‍ വേണമായിരുന്നുവെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തമിഴ്നാട് സ്വദേശിയും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത് ഇതു പരിഗണിക്കാതെയാണെന്നും നിയമനത്തെ എതിര്‍ത്തതായും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യനെ നിയമിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി സമിതിയിലെ അംഗങ്ങളായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കി. നിയമന ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി അറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഈ നിര്‍ദേശം രാഷ്‌ട്രപതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.

യോഗ്യത പ്രാഥമിക മാനദണ്ഡമാണെങ്കിലും പ്രാദേശികത, ജാതി, മതം, സമുദായം എന്നിവ പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബുധനാഴ്ച ചേര്‍ന്ന സമിതി യോഗത്തില്‍ പങ്കെടുത്ത രാഹുലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് രോഹിന്റണ്‍ ഫാലി നരിമാന്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് രോഹിന്റണ്‍ ഫാലി നരിമാന്‍ പാഴ്സി സമുദായത്തില്‍ നിന്നും ജസ്റ്റിസ് കെ.എം. ജോസഫ് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമുള്ളയാളുകളാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ വിയോജന കുറിപ്പിലുണ്ട്.

കമ്മിഷന്‍ അംഗങ്ങളായി ഒറീസ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മുരളീധര്‍, രാജസ്ഥാന്‍, ത്രിപുര ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹമീദ് ഖുറേഷി എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സമിതി ഈ പേരുകള്‍ പരിഗണിക്കാത്തതാണ് കോണ്‍ഗ്രസിന്റെ വിയോജിപ്പിന് കാരണമായത്. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക