ന്യൂദല്‍ഹി: അയോധ്യയിലെ കോടതിവിധി നീതിയുടെ അവഹേളനമാണെന്ന് പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ സായി ദീപക്. രാമമന്ദിര്‍ കേസില്‍ രോഹിന്‍ടണ്‍ നരിമാന്റെ നിരീക്ഷണം കൃത്യതയില്ലാത്തതാണെന്നും സായി ദീപക് കുറ്റപ്പെടുത്തി.
തന്റെ വാദം സമര്‍ത്ഥിക്കാന്‍ സായി ദീപക് അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീംകോടതി വിധിയിലും പറഞ്ഞിട്ടുള്ള ഗുരു നാനാക്കിന്റെ കഥയാണ് ചൂണ്ടിക്കാട്ടിയത്. “അലഹബാദ് ഹൈകോടതി വിധിയിലും അതിനോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട സുപ്രീംകോടതി വിധികളിലും ഒരു സംഭവകഥ പറയുന്നുണ്ട്. അത് അയോധ്യാ തര്‍ക്കഭൂമിയില്‍ ഗുരുനാനാക് നടത്തിയ സന്ദര്‍ശനമാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നപ്പോള്‍ ഗുരുനാനാക് അവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഗുരുനാനാക്കിന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഈ ക്ഷേത്രം അപ്രത്യക്ഷമായി. ഈ രണ്ട് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? ഭൂമികുലുക്കം ഉണ്ടായോ? എന്തായാലും പൊടുന്നനെ ക്ഷേത്രം എങ്ങിനെയാണ് അപ്രത്യക്ഷമായത് എന്നതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ട്. ഇത് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഉടനീളവും ലോകത്തും സംഭവിച്ചിട്ടുണ്ട്. ഇവിടെ അങ്ങിനെ സംഭവിച്ചിട്ടില്ലെന്ന് താങ്കള്‍ പറയുന്നു. ഒരു നീതിന്യായകോടതി വഴി ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് ചോദിച്ചുവെന്നേയുള്ളൂ. ഈ നിലപാടില്‍ യുക്തിഭദ്രമല്ലാത്ത എന്താണുള്ളത്? അവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറഞ്ഞില്ലെങ്കിലും അതിന് തത്തുല്യമായ കാര്യങ്ങള്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം കൂടി സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആ ക്ഷേത്രത്തിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദികളായവര്‍ ആരെന്ന കാര്യം “- രോഹിന്‍ടണ്‍ നരിമാനെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് സായി ദീപക് വാദിക്കുന്നു.
തര്‍ക്കവിഷയമായ കെട്ടിടത്തിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സുപ്രീംകോടതി വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തര്‍ക്കഭൂമി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നുമുള്ള രോഹിംഗ്ടണ്‍ നരിമാന്റെ പ്രസ്താവന തെറ്റാണ്. അത് തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലും യുക്തിയുടെ അടിസ്ഥാനത്തിലും പേറ്റന്‍റുകളുടെ അടിസ്ഥാനത്തിലും സമര്‍ത്ഥിക്കാന്‍ കഴിയുമെന്നും സായി ദീപക് വാദിക്കുന്നു.
“അഞ്ച് വര്‍ഷം മുന്‍പ് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്ന് രാമജന്മഭൂമി തര്‍ക്കത്തില്‍ നടത്തിയ വിധി നീതിയുടെ അവഹേളനമായിരുന്നുവെന്നാണ് രോഹിംഗ്ടണ്‍ നരിമാന്‍ അഭിപ്രായപ്പെട്ടത്. ഇത് മതേതരത്വത്തിന്റെ അടിസ്ഥാനതത്വത്തിന്റെ ലംഘനമാണെന്നും രോഹിംഗ്ടണ്‍ നരിമാന്‍ പറഞ്ഞു. ഇന്ത്യയുടെ 26ാം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അസിസ് മുഷാബ്ബര്‍ അഹ്മദിയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച അഹ്മദി ഫൗണ്ടേഷന്റെ പ്രഥമ പ്രഭാഷണം നടത്തവേയാണ് രോഹിംഗ്ടണ്‍ നരിമാന്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. വ്യാളികള്‍ പോലെ ഒന്നിനു പുറകേ ഒന്നായി കേസുകള്‍ വരികയാണ്. പള്ളികള്‍ മാത്രമല്ല, ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നു. ഇത് ഭരണഘടനയിലും ആരാധനാലയ നിയമത്തിനും എതിരാണ്.” – ഇങ്ങിനെപ്പോകുന്നു രോഹിന്‍ടണ്‍ നരിമാന്റെ വിമര്‍ശനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക